ദുബായ്: 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക കമന്റേറ്റർമാരുടെ പട്ടിക അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തു വിട്ടു. പട്ടികയിൽ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയും ഉൾപ്പെടുന്നു. ഗാംഗുലിക്ക് പുറമെ രണ്ട് ഇന്ത്യക്കാർ കൂടി പട്ടികയിലുണ്ട്. മുൻ ഇന്ത്യൻ ബാറ്റ്സ്മാനും നിലവിൽ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ, ക്രിക്കറ്റ് നിരൂപകനായ ഹർഷ ഭോഗ്ലെ തുടങ്ങിയവരാണ് ഇവർ.
ഇന്ത്യൻ പ്രീമിയർ ലീഗ് 2019ൽ ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററായിരുന്നു സൗരവ് ഗാംഗുലി. ഗാംഗുലിയുടെയും മുഖ്യ പരിശീലകൻ റിക്കി പോണ്ടിംഗിന്റെയും നേതൃത്വത്തിൽ മികച്ച പ്രകടനമായിരുന്നു ഇത്തവണ ഐ പി എല്ലിൽ ഡൽഹി കാഴ്ചവെച്ചത്. യുവതാരം ശ്രേയസ് അയ്യർ നയിച്ച ടീം പ്ലേ ഓഫിൽ വരെ എത്തിയിരുന്നു.
കുമാർ സംഗക്കരയാണ് ഐ സി സി കമന്റേറ്റർമാരുടെ പട്ടികയിലെ ഒരേയൊരു ശ്രീലങ്കക്കാരൻ. വാസിം അക്രവും റമീസ് രാജയുമാണ് ഐസിസി ലോകകപ്പ് പാനലിലെ പാകിസ്ഥാൻ അംഗങ്ങൾ. ബംഗ്ലാദേശിൽ നിന്ന് അത്തർ അലി ഖാനും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഗ്രേയം സ്മിത്ത്, ബ്രെണ്ടൻ മക്കല്ലം, ഷോൺ പൊള്ളോക്ക് തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് പ്രമുഖർ.
ഐസിസി കമന്റേറ്ററായി അരങ്ങേറ്റം കുറിക്കുന്ന മുൻ ആസ്ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്കാണ് പട്ടികയിലെ മറ്റൊരു ആകർഷണം. ഇസ ഗുഹ, മെലാനി ജോൺസ്, ആലിസൺ മിച്ചൽ തുടങ്ങിയവരാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗിക കമന്റേറ്റർമാരുടെ പട്ടികയിലെ വനിതാ സാന്നിദ്ധ്യം.
ഐസിസി കമന്റേറ്റർമാരുടെ ഔദ്യോഗിക പട്ടിക: നാസർ ഹുസൈൻ, മൈക്കൽ ക്ലാർക്ക്, ഇയാൻ ബിഷപ്പ്, സൗരവ് ഗാംഗുലി, മെലാനി ജോൺസ്, കുമാർ സംഗക്കാര, മൈക്കൽ ആതേർട്ടൺ, ആലിസൺ മിച്ചൽ, ബ്രെണ്ടൻ മക്കല്ലം, ഗ്രേയം സ്മിത്ത്, വാസിം അക്രം, ഷോൺ പൊള്ളോക്ക്, മൈക്കൽ സ്ലേറ്റർ, മാർക്ക് നിക്കോളാസ്, മൈക്കൽ ഹോൾഡിംഗ്, ഇസ ഗുഹ, പോമി എംബാംഗ്വ, സഞ്ജയ് മഞ്ജരേക്കർ, ഹർഷ ഭോഗ്ലെ, സൈമൺ ഡൂൾ, ഇയാൻ സ്മിത്ത്, റമീസ് രാജ, അത്തർ അലി ഖാൻ, ഇയാൻ വാർഡ്.
ആകെ ഇരുപത്തിനാല് പേരാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് വേണ്ടി ഇത്തവണ ദൃക്സാക്ഷി വിവരണം നടത്തുക.
ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് മെയ് 30 ന് ആണ് ആരംഭിക്കുക. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ജൂൺ 5ന് ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.