ന്യൂഡല്‍ഹി: അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ബംഗാളിലും പഞ്ചാബിലും പരക്കെ സംഘര്‍ഷം. ബംഗാളിലെ ബാസിര്‍ഹട്ടില്‍ പോളിംഗ് ബൂത്തിന് നേരെ ബോംബേറ് ഉണ്ടായി. ഇവിടെ തൃണമൂലുകാര്‍ ബൂത്ത് പിടിച്ചിരിക്കുകയാണ്. ബിജെപിയുടെ നൂറിലധികം പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സായന്തന്‍ ബസു ആരോപിച്ചു. ബംഗാളിലെ ബര്‍സാത്തില്‍ ബിജെപി ഓഫീസുകള്‍ അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. മഥുരാപൂരിലും നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഇസ്ലാംപൂരിലും ബോംബേറ് ഉണ്ടായി. ബാസിര്ഹട്ടിന് പുറമെ ഡയമണ്ട് ഹാര്‍ബര്‍ മേഖലകളിലും തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്തുകള്‍ക്ക് നേരെ അക്രമം നടത്തി.
നോര്‍ത്ത് കൊല്‍ക്കത്തയിലെ ബിജെപി സ്ഥാനാര്‍ത്ഥി രാഹുല്‍ സിന്‍ഹയെ ഒരു സംഘം ആക്രമിച്ചതായി ബിജെപി ആരോപിച്ചു. തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമം നടത്തിയപ്പോള്‍ പോലീസ് നോക്കി നില്‍ക്കുകയായിരുന്നെന്നും, സിആര്‍പിഎഫ് എത്തിയാണ് അക്രമത്തില്‍ നിന്ന് തങ്ങളെ രക്ഷിച്ചതെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ്സ് അക്രമം നടത്തിയ ജാദവ്പുരിലെ നൂറ്റിയൊന്‍പതാം വാര്‍ഡിലെ പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. അക്രമ സംഭവങ്ങള്‍ കണക്കിലെടുത്ത് ഇവിടെ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
ബംഗാളില്‍ 32.15 ശതമാനം പോളിംഗാണ് ഉച്ചയ്ക്ക് 12 മണി വരെ രേഖപ്പെടുത്തിയത്. പഞ്ചാബിലും പലയിടങ്ങളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖാദൂര്‍ സീഹിബ് മണ്ഡലത്തില്‍ കോണ്‍ഗ്രസ്-അകാലിദള്‍ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി.