Life

ഡയബറ്റിക് ഡെര്‍മോപതി; ലക്ഷണങ്ങളും ചികിത്സയും

പ്രമേഹത്തെ ജീവിതശൈലി രോഗമെന്ന് ഓമനപ്പേരിട്ട് വിളിക്കാമെങ്കിലും പതിയെ ആയുസ് കുറയ്ക്കുന്ന ഒരു മാരക രോഗം തന്നെയാണ്. പ്രമേഹം ബാധിച്ചവര്‍ക്ക് പലതരത്തിലാണ് രോഗദുരിതം. ശരീര വേദന മുതല്‍ ഹൃദയസംന്ധമായ തകരാറുകള്‍ വരെ പ്രമേഹം മൂലം ഉണ്ടാകുന്നു. പ്രമേഹം ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകര്‍ക്കുന്നു.

പല പ്രമേഹ സംബന്ധമായ രോഗങ്ങളും തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ കൂടുതല്‍ രൂക്ഷമാകാതെ നോക്കാം. ഇതില്‍ ഒന്നാണ് പ്രമേഹം മൂലം തൊലിപ്പുറത്തുണ്ടാകുന്ന പാടുകള്‍. ഡയബറ്റിക് ഡെര്‍മോപതി എന്ന പേരില്‍ അറിയപ്പെടുന്ന ഇവ പ്രമേഹ രോഗികളുടെ കാല്‍ മുട്ടുകളുടെ താഴെയായാണ് കാണപ്പെടുന്നത്. ഏകദേശം 50 ശതമാനത്തിന് മുകളില്‍ ഉള്ള പ്രമേഹ രോഗികള്‍ക്ക് ഇത്തരത്തില്‍ തൊലിപ്പുറത്ത് കറുത്ത പാടുകള്‍ ഉണ്ടാകുന്നു.

രക്ത ധമനിയില്‍ നിന്നുള്ള ചെറിയ രീതിയിലുളള രക്ത ചോര്‍ച്ചയാണ് ഇത്തരത്തില്‍ തൊലിപ്പുറത്ത് പാടുകള്‍ ഉണ്ടാക്കുന്നതെന്നാണ് ഡോക്ടര്‍മാരുടെ ഭാഷ്യം. ഈ നിറംമാറ്റം വേദനയൊന്നും ഉണ്ടാക്കുകയില്ലെങ്കിലും ചൊറിച്ചിലും, സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകാം.

പ്രമേഹ രോഗികള്‍ക്ക് കാലിലേയ്ക്കുളള രക്ത ഓട്ടം കുറയുന്നതിനാലാണ് ഇത്തരത്തില്‍ പാടുകള്‍ വരുന്നതെന്നും ഒരു വിഭാഗം ഡോക്ടര്‍മാര്‍ക്ക് അഭിപ്രായമുണ്ട്. ഇതിന് ശാസ്ത്രീയമായ അടിത്തറ ഇല്ലെങ്കിലും പ്രമേഹം ബാധിച്ചാല്‍ കാലക്രമേണ പാദങ്ങളിലേയ്ക്കുള്ള രക്ത ഓട്ടം കുറയുക തന്നെ ചെയ്യും.

എന്നാല്‍ വൈദ്യശാസ്ത്രം പരീക്ഷണങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നത് ഇത്തരത്തിലുള്ള പാടുകള്‍ ഉണ്ടാകുന്നത് പ്രമേഹരോഗികളുടെ രക്തധമനിക്കും ഞരമ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നത് കൊണ്ടാണെന്നാണ്. ഇത് ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗികള്‍ക്കും ഇന്‍സുലിന്‍ ഉപയോഗിക്കാത്ത രോഗികള്‍ക്കും ഒരു പോലെ ബാധിക്കാറുണ്ട്.

ഡയബറ്റിക് ഡെര്‍മോപതി എന്ന ഈ അസുഖം സാധാരണയായി കണ്ടുവരുന്നത് പത്തുവര്‍ഷത്തിലേറെയായി പ്രമേഹരോഗം ബാധിച്ചവര്‍ക്കും ഉയര്‍ന്ന ഹീമോഗ്ലോബിന്‍ A1c ലെവല്‍ ഉള്ളവര്‍ക്കും അനിയന്ത്രിതമായ അളവില്‍ പ്രമേഹം ഉള്ളവര്‍ക്കുമാണ്.

പ്രമേഹ രോഗികള്‍ക്ക് ഡെര്‍മോപതിയല്ലാതെ തന്നെ ധാരാളം ത്വക്ക് രോഗങ്ങള്‍ കണ്ടുവരാറുണ്ട്. ഇതിന് കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിനില്‍ക്കുന്നതിനാല്‍ ഈര്‍പ്പം നഷ്ടപ്പെട്ട് തൊലിപ്പുറം വരളുന്നതിനാലാണ്. ഇതിന് പരിചരണം നല്‍കാതിരുന്നാല്‍ തൊലിപ്പുറത്ത് ചൊറിച്ചില്‍ വരുകയും പൊട്ടലുണ്ടായി അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും.

ഡയബറ്റിക് ഡെര്‍മോപതി സാധാരണയായി കാല്‍ മുട്ടിന് താഴെയാണ് കാണുന്നത്. പാടുകള്‍ ചുമപ്പോ കടുത്ത ബ്രൗണ്‍ നിറത്തിലോ കറുപ്പ് കലര്‍ന്ന ബ്രൗണ്‍ നിറത്തിലോ കാണപ്പെടും.
ഡയബറ്റിക് ഡെര്‍മോപതിക്ക് മാത്രമായി ചികിത്സയൊന്നും കണ്ടുപിടിച്ചിട്ടില്ലെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ ഇത് നിയന്ത്രിച്ച് നിറുത്താനാകും. തൊലിപ്പുറത്തെ ഈര്‍പ്പം നിലനിറുത്തുകയെന്നതാണ് ഏറ്റവും പ്രധാനം. മാത്രമല്ല പ്രമേഹം നിയന്ത്രിക്കുകയും വേണം. പ്രമേഹം നിയന്ത്രിച്ച് നിറുത്തിയാല്‍ ഡയബറ്റിക് ഡെര്‍മോപതി മാത്രമല്ല പ്രമേഹത്തിന് പിന്നാലെ വിരുന്നു വരുന്ന പല രോഗങ്ങളും തടയാം.

‘ഞങ്ങള്‍ പാരമ്പര്യമായി പ്രമേഹക്കാരാണ്. അതു കൊണ്ട് എനിക്കും പ്രമേഹം വരും’ ഈ ഡയലോഗ് നമ്മള്‍ ഇപ്പോള്‍ പൊതുവായി കേള്‍ക്കുന്നുണ്ട്. പ്രത്യേകിച്ചും മലയാളികളില്‍. മാനസിക സമ്മര്‍ദ്ദവും തെറ്റായ ഭക്ഷണ രീതിയും പ്രമേഹം ക്ഷണിച്ച് വരുത്തും. സമീഹൃത ആഹാരത്തിലൂടെ പ്രമേഹത്തെ ഒരു പരിധി വരെ അകറ്റി നിറുത്താം. പ്രമേഹം വരുന്ന ദിവസം കാത്തിരിക്കുന്നതിന് പകരം വരാതിരിക്കാന്‍ അല്പം ശ്രദ്ധ ചെലുത്തുകയല്ലേ ഉചിതം.

196 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close