എടപ്പാള്‍: കാറിനെ മറി കടക്കാനുള്ള ശ്രമത്തിനിടയില്‍ വാഹനത്തിന്റെ പിന്‍ഭാഗത്ത് ഇടിച്ച കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ വണ്ടി ഒതുക്കാതെ കടന്നു കളഞ്ഞത് രണ്ടു തവണ. ദേശീയപാതയില്‍ എടപ്പാളിനടുത്ത് ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.
കോഴിക്കോട് നിന്നും മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന്റെ പിന്നില്‍ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് ഒതുക്കാമെന്ന് പറഞ്ഞ ഡ്രൈവര്‍ യാത്രക്കാരുമായി കടന്നു കളഞ്ഞു.
കാറില്‍ നിന്നിറങ്ങിയ കുടുംബത്തെ ബസ് ഒതുക്കുന്നതുപോലെ തെറ്റിദ്ധരിപ്പിച്ച ശേഷം ഡ്രൈവര്‍ വണ്ടി നിര്‍ത്താതെ പേവുകയായിരുന്നു. തുടര്‍ന്ന് പിന്നാലെ എത്തിയ കാര്‍ കുന്നംകുളത്തു വെച്ച് ബസിനെ മറി കടന്നു വട്ടം പിടിച്ചു. ഇതോടെ നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു. ഇത്തവണ ഉറപ്പായും നിര്‍ത്താമെന്ന് വാക്കു കൊടുത്ത ഡ്രൈവര്‍ എല്ലാവരേയും കബളിപ്പിച്ച് വീണ്ടും കടന്നു കളഞ്ഞു.
മൂവാറ്റുപുഴ സ്വദേശി ജോ അലന് എന്നയാളുടെ കാറിലാണ് ബസ് ഇടിച്ചത്. ബസിന്റെ കെ.എല്‍.15എ 697 എന്ന നമ്പര്‍ സഹിതം ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് അലന്.