നരേന്ദ്ര മോദി സർക്കാരിന് രണ്ടാം വട്ടവും മികച്ച ജനവിധി നേടാനായതിന്റെ സന്തോഷത്തിൽ പ്രവാസികളും പങ്കു ചേരുന്നു. ബി ജെ പിയുടെ പ്രവാസി വിഭാഗമായ ഇന്ത്യൻ പീപ്പിൾസ് ഫോറം വിജയ് ദിവസ് ആചരിച്ചു. ദുബായ് ഫോർച്യൂൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയിൽ വിവിധ എമിറേറ്റുകളിൽ നിന്നായി നിരവധി പേർ സംബന്ധിച്ചു.
കേന്ദ്രത്തിൽ തുടർച്ചയായി രണ്ടാം തവണയും നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിന്റെ സന്തോഷത്തിലാണ് പ്രവാസികളും. മികച്ച ഭരണ നിർവ്വഹണം കൊണ്ട് പ്രവാസി ഭാരതീയരുടെ ഹൃദയത്തിൽ ഇടം നേടിയ ആദ്യ മോദി ഗവണ്മെന്റിന്റെ തുടർച്ചയാകും ഈ ഭരണവും എന്ന പ്രതീക്ഷയിലാണ് യു എ ഇ യിലെ പ്രവാസി സമൂഹം. ബി ജെ പി യുടെ പ്രവാസി ഘടകമായ ഇന്ത്യൻ പീപ്പിൾസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എൻ ഡി എ മുന്നണിയുടെ തിരഞ്ഞെടുപ്പു വിജയം വിജയ് ദിവസ് എന്ന പേരിൽ ആഘോഷിച്ചു. ഐ പി എഫ് ദുബായ്, ഷാർജ വിഭാഗങ്ങൾ സംയുക്തമായി ദുബായ് ഫോർച്യൂൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറു കണക്കിന് പേർ പങ്കെടുത്തു.
ഓവർസീസ് ബിജെപിയുടെ മിഡിൽ ഈസ്റ്റ് കൺവീനർ മോത്തി കൗൾ, ഐ പി എഫ് പ്രസിഡന്റ് ഭൂപീന്ദർ, ഐ പി എഫ് വനിതാ വിഭാഗം കൺവീനർ ശില്പ നായർ, ഭാരവാഹികളായ വിജയൻ നായർ, രാജീവ് രഞ്ജൻ, രഘു, സുമിത സതീഷ്, ജനം ടി വി മിഡിൽ ഈസ്റ്റ് പ്രോഗ്രാം ഹെഡ് രാജീവ് കോടമ്പള്ളി എന്നിവർ ആഘോഷ പരിപാടിയിൽ സംബന്ധിച്ചു.