ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ശിശു എന്ന ബഹുമതിയോടെ പിറന്ന ബേബി സായ്വേ നീണ്ട അഞ്ച് മാസത്തെ ആശുപത്രി വാസത്തിനു ശേഷം ആശുപത്രി വിട്ടു. വെറും 23 ആഴ്ച്ചത്തെ വളര്‍ച്ചയോടെ ജനിച്ചു വീണ കുഞ്ഞിന്റെ ശരീരഭാരം വെറും 243 ഗ്രാം മാത്രമായിരുന്നു.
അഞ്ച് മാസങ്ങള്‍ക്ക് ശേഷം കുഞ്ഞിന്റെ ഭാരം രണ്ടര കിലോ ആയതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രി വാസം അവസാനിപ്പിച്ച് വീട്ടിലേക്ക് കൊണ്ടു പോയത്. കാലിഫോര്‍ണിയയിലെ സാന്ഡിയാഗോഷാര്പ്പ് മേരി ബിര്‍ച്ച് ആശുപത്രിയില്‍ 2018 ഡിസംബര്‍ 23 ന് ആയിരുന്നു കുഞ്ഞിന്റെ ജനനം.
ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണ്ണതകള്‍ മൂലം സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.കുഞ്ഞിന് ഒരു മണിക്കൂര്‍ നേരത്തെ ആയുസ്സ് മാത്രമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഡോക്ടര്‍മാരെ വരെ അത്ഭുതപ്പെടുത്തി കൊണ്ട് കുഞ്ഞ് ദിവസങ്ങളും ആഴ്ച്ചകളും പിന്നിട്ടു.
അഞ്ച് മാസത്തെ ആശുപത്രിവാസത്തിനൊടുവില്‍ രണ്ടരകിലോ ഭാരമുള്ള ആരോഗ്യമുള്ള കുഞ്ഞായി മാറി. ഇത്രയും ഭാരം കുറഞ്ഞ ഒരു കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത് ആദ്യമായാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015 ല്‍ ജര്‍മ്മനിയില്‍ പിറന്ന കുഞ്ഞായിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ്.
എന്നാല്‍ അതിനേക്കാളും 7 ഗ്രാം കുറവാണ് സായ്വേയ്ക്ക്. ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ് എന്ന ബഹുമതിയോടെ യൂണിവേഴ്സിറ്റി ഓഫ് ലോവയുടെ റെക്കോര്‍ഡ് ബുക്കിലും സായ്വേ ഇടം നേടി.