ന്യൂ ഡല്‍ഹി: രാജ്യത്ത് സിമന്റ് വില വര്‍ധിക്കുന്നതിന് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി സിമന്റ് കമ്പനികള്‍ അന്യായമായി വില വര്‍ധിപ്പിക്കുന്നതിനെതിരെ ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കേസ് വേഗം തീര്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
മരുന്ന് കമ്പനികള്‍ ക്രമാതീതമായി വില വര്‍ധിപ്പിക്കുന്നത് തടയാന്‍ രൂപീകരിച്ച നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിക്ക് സമാനമായ രീതിയിലായിരിക്കും സിമന്റിന്റെ വില നിയന്ത്രണ അതോറിറ്റിയുടേയും രൂപീകരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉല്‍പ്പാദന ചിലവ് കൂടാത്ത സാഹചര്യത്തിലും സിമന്റ് കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നത് തടയാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സിമന്റ് നിര്‍മ്മാണത്തിനാവശ്യമായ ഫ്ളൈ ആഷ്, ജിപ്സം എന്നിവയുടെ വില കുറഞ്ഞിട്ടും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മാത്രം സിമന്റിന് 6 ശതമാനം വിലയാണ് വര്‍ദ്ധിച്ചത്. ഈ സാഹചര്യത്തിലാണ് ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ കോടതിയെ സമീപിച്ചത്.