കൊല്‍ക്കത്ത: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പ്രതിഷേധത്തില്‍ മമത ബാനര്‍ജിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി. മമത ബാനര്‍ജിയുമായി ഫോണിലൂടെ സംസാരിക്കുവാന്‍ ശ്രമിച്ചെങ്കിലും അവര്‍ യാതൊരു രീതിയിലും പ്രതികരിക്കാന്‍ തയാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ മുഖ്യമന്ത്രിയുമായി സംസാരിക്കുവാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഇതിനായി അവരെ ഫോണിലും വിളിച്ചിരുന്നു. എന്നാല്‍ ഈ നിമിഷം വരെയും അവരില്‍ നിന്ന് തിരിച്ചൊരു പ്രതികരണം ഉണ്ടായിട്ടില്ല. ഇനി അവര്‍ വിളിക്കുകയാണെങ്കില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ ആര് എസ് മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് ക്രൂരമര്ദ്ദനത്തിനിരയാകേണ്ടി വന്നതില്‍ പ്രതിഷേധിച്ചാണ് സമരം. ഡോക്ടര്‍മാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്താതെ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നാണ് ഇവരുടെ നിലപാട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന സമരത്തിന് പ്രശ്നപരിഹാരമുണ്ടാക്കാതെ ഡോക്ടര്‍മാര്‍ക്കെതിരെ മമത രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതോടെ കൂടുതല്‍ ഡോക്ടര്‍മാര്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കൊല്‍ക്കത്തയില്‍ നിന്ന് തുടങ്ങിയ സമരം രാജ്യവ്യാപകമായി ഐഎംഎ ഏറ്റെടുത്തിരിക്കുകയാണ്.
പ്രതിഷേധത്തിന്റെ ഭാഗമായി ബംഗാളിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ മൂന്നുറിലേറെ ഡോക്ടര്‍മാര്‍ രാജി വച്ചിരുന്നു. കൊല്‍ക്കത്ത ,നോര്‍ത്ത് 24 പര്‍ഗാനാസ് , ബുര്ദ്വാന് , ഡാര്‍ജിലിംഗ് എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളേജുകളിലെ വകുപ്പ് തലവന്മാരടക്കം രാജിവച്ചവരിലുള്പ്പെടുന്നുണ്ട്. പ്രശ്ന പരിഹാരത്തിനു യാതൊരു നീക്കവും കാണാത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.