ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്നവർക്ക് സൗജന്യ സിം കാർഡ് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്കാണ് സൗജന്യ ടോക് ടൈമും, ഡാറ്റയുമുള്ള സിം കാർഡ് നൽകുന്നത്.
എമിരേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷൻസ് കമ്പനിയുടെ കണക്റ്റ് വിത്ത് ഹാപ്പിനെസ്സ് എന്ന പദ്ധതിയുടെ ഭാഗമായാണ് സന്ദർശക, ടൂറിസ്റ്റ് വിസകളിൽ ദുബായിൽ എത്തുന്നവർക്ക് സൗജന്യ സിം കാർഡ് നൽകുന്ന പദ്ധതി നടപ്പിലാക്കുന്നത്. ഒരു മാസം കാലാവധിയുള്ള ഡു സിം കാർഡാണ് നൽകുന്നത്. ട്രാൻസിറ്റ് വിസ, സന്ദർശക വിസ, വിസ ഓൺ അറൈവൽ, ജി സി സി പൗരന്മാർ എന്നിവർക്ക് സിം കാർഡ് ലഭ്യമാകും
. മൂന്നു മിനിറ്റ് ടോക് ടൈം, 20 എം ബി ഡാറ്റ എന്നിവയുള്ള സിം കാർഡ് 18 വയസിനു മുകളിൽ ഉള്ളവർക്കാണ് ലഭിക്കുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഒന്ന്, രണ്ട്, മൂന്ന് ടെർമിനലുകളിലെ എമിഗ്രെഷൻ കൗണ്ടറുകളിൽ നിന്ന് സിം കാർഡ് ലഭിക്കും. പദ്ധതിയുടെ വിശദാംശങ്ങൾ വിശദീകരിക്കാനായി നടത്തിയ വാർത്താ സമ്മേളനത്തിൽ ദുബായ് എമിഗ്രെഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മറി, സ്മാർട്ട് ദുബായ് ഓഫീസ് ഡയറക്ടർ ജനറൽ ഡോ ആയിഷ ബിൻത് ബുത്തി ബിൻ ബിഷർ ഡു എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഫവാദ് അൽ ഹാസാവി മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.