ന്യൂ ഡല്‍ഹി: ജമ്മുകാശ്മീരിലെ വിഘടനവാദി നേതാവായ സയ്യിദ് അലി ഷാ ഗിലാനിക്ക് പാകിസ്ഥാനില്‍ നിന്നും ഹവാല പണം എത്തുന്നതായി വെളിപ്പെടുത്തല്‍. ഓള് പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ ജനറല്‍ സെക്രട്ടറിയായ മസറത് ആലമാണ് എന്‍ഐഎ ചോദ്യം ചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
പാകിസ്ഥാനില്‍ നിന്ന് ഹവാല മാര്‍ഗം കാശ്മീരിലെത്തുന്ന പണം കൂടുതലും ലഭിച്ചിരുന്നത് സയ്യിദ് ഗിലാനിക്കായിരുന്നു എന്നും വിഘടനവാദികളും ഭീകരരും തമ്മില്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കം പതിവായിരുന്നതായും മസറത്ത് ആലം വെളിപ്പെടുത്തിയതായി എന്‍ഐഎ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കാശ്മീര്‍ താഴ്വരയിലെ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കാനും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമായി സയ്യിദ് ഗിലാനിക്ക് പാകിസ്ഥാനില്‍ നിന്നും ഹവാല പണമെത്തുന്നുണ്ടെന്ന് ഇയാള്‍ സമ്മതിച്ചതായാണ് വിവരം.
എന്‍ഐഎ മസറത്ത് ആലമുള്പ്പെടെ മൂന്ന് പേരെ അടുത്തിടെ കസ്റ്റഡിയിലെടുത്തിരുന്നു. യാസിന് മാലിക്, മസറത്ത് ആലം, ഷാബിര്‍ ഷാ എന്നിവരെ ജൂണ്‍ ആദ്യവാരമാണ് എന്‍ഐഎ ചോദ്യം ചെയ്ത് തുടങ്ങിയത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കിയ കേസിലാണ് ആലം പിടിയിലായത്. ജമ്മുകാശ്മീരില്‍ സുരക്ഷാ സേനക്ക് നേരെയുണ്ടായ കല്ലേറിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ഇയാളാണെന്ന നിഗമനത്തിലാണ് അധികൃതര്‍.