കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. സംസ്ഥാന അദ്ധ്യക്ഷന്‍ കെ പി പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കലൂര്‍ സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് പാലത്തിനു സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധം തുടങ്ങി. ഉപരോധം അവസാനിപ്പിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പോലീസും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ രജ്ജിത് ചന്ദ്രന്, നേതാക്കളായ എം ആശിഷ്, സലീഷ് ചെമ്മണ്ണൂര്‍, സ്വരാജ് ,ഷിബു ആന്റണി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. കെ പി പ്രകാശ് ബാബു ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ അദ്ദേഹത്തിനു നേരെ പോലീസ് ബലപ്രയോഗം നടത്തി. അത് പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം കൂടുതല്‍ കുഴപ്പത്തിലായത്. അഴിമതിക്കാര്‍ക്ക് കൂട്ടുനിന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും, പൊതുമരാമത്ത് വകുപ്പു മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച് നടത്തിയത്. പാലത്തിന്റെ തകര്‍ച്ചയ്ക്ക് ഇടതു-വലതു മുന്നണികള്‍ ഒരു പോലെ ഉത്തരവാദികളാണെന്നും, പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണമെന്ന ആവശ്യമുയര്‍ത്തി പ്രക്ഷോഭങ്ങള്‍ തുടരുമെന്നും കെ പി പ്രകാശ് ബാബു പറഞ്ഞു.