തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫ് ഇടപെടുന്നു. ജോസ് കെ മാണി വിഭാഗം നേതാക്കളുമായി യുഡിഎഫ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള അധികാര വടംവലി യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിച്ച സാഹചര്യത്തിലാണ് തര്‍ക്കം പരിഹരിക്കാന്‍ നേതാക്കള്‍ ഇടപെടുന്നത്. നേരത്തെ യുഡിഎഫ് നേതാക്കള്‍ പിജെ ജോസഫുമായി ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ ചെയര്മാന് സ്ഥാനത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്നാണ് ഇരു വിഭാഗത്തിന്റെയും നിലപാട്. അതേസമയം, തന്നെ ചെയര്‍മാനായി തിരഞ്ഞെടുത്തതിലെ സ്റ്റേ നീക്കാന്‍ ജോസ് കെ മാണി നാളെ തൊടുപുഴ കോടതിയെ സമീപിക്കും. പാലാ ഉപതിരഞ്ഞെടുപ്പ് വരെയെങ്കിലും തര്‍ക്കം ഒഴിവാക്കാന്‍ യുഡിഎഫ് ശ്രമിക്കുകയാണ്. കേരള കോണ്‍ഗ്രസ് പിളര്‍ന്നെങ്കിലും സമവായ സാധ്യത ഇല്ലാതായിട്ടില്ല എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
കേരള കോണ്‍ഗ്രസില്‍ സമവായം ഉണ്ടാകണമെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം അറിയിച്ചു. സമവായ ചര്ച്ചകളുകളുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി സമവായത്തിലൂടെ പരിഹരിക്കാനാണ് ശ്രമമെന്നും അതിന്റെ ഭാഗമായാണ് യുഡിഎഫ് മുന്‍കൈയെടുത്ത് സമവായ ചര്‍ച്ച നടത്തുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.