മൂന്നാര്‍: എറണാകുളം മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന് നീതി ലഭിച്ചില്ലെന്ന് കുടുംബം. അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷത്തോളമായിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാത്തത് അന്വേഷണസംഘത്തിന്റെ വീഴ്ചയെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.
അഭിമന്യുവിന്റെ കഥ പറയുന്ന ചലചിത്രം നാന് പെറ്റ മകനെ കുറിച്ചുള്ള മന്ത്രി എംഎം മണി യുടെ പോസ്റ്റിന് മറുപടിയായാണ് അന്വേഷണത്തിലെ അതൃപ്തി അറിയിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിനാണ് അഭിമന്യുവിനെ എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇരുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും അഭിമന്യുവിനെ കുത്തിയതായി പൊലീസ് കണ്ടെത്തിയ ഷഹലിനെ ഇതുവരെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.
കേസില്‍ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കെയാണ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.