Defence

ബാലാക്കോട്ടിനു മുൻപ് ഇന്ത്യയുടെ ആറ് ജഗ്വാര്‍ ബോംബര്‍ വിമാനങ്ങൾ ലാഹോർ ലക്ഷ്യമാക്കി പറന്നത് എന്തിന് ? പാക് മണ്ണിൽ ഇന്ത്യ നടത്തിയ സംഹാരത്തിന്റെ കൂടുതൽ വെളിപ്പെടുത്തൽ

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണം പിന്നിട്ട് 12 ദിവസങ്ങൾ കഴിഞ്ഞ പുലർച്ചെ ഇന്ത്യയുടെ യുദ്ധ വിമാനമായ മിറാഷ് 2000 പറന്നു പാക് മണ്ണിൽ ഇന്ത്യയുടെ സംഹാരത്തിനായി.

പുൽവാമ ഭീകരാക്രമണത്തിനു ശേഷം പൊഖ്റാനിൽ ഇന്ത്യ നടത്തിയ ‘ വായു ശക്തി 2019’ൽ തേജസ്, സുഖോയ്, മിറാഷ്, ജഗ്വാർ തുടങ്ങിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ അണിനിരന്നിരുന്നു . ഇന്ത്യൻ വ്യോമസേനയുടെ കരുത്തു കാട്ടൽ മാത്രമായിരുന്നില്ല നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാനുള്ള മുന്നറിയിപ്പ് കൂടിയായി വായു ശക്തി.

ബാലാക്കോട്ട് ആക്രമണത്തിനു വേണ്ടി ഇന്ത്യ നടത്തിയ ക്രമീകരണങ്ങളാണ് വ്യോമസേന പലപ്പോഴായി പുറത്ത് വിടുന്നത് . ബാലാക്കോട്ടേയ്ക്ക് പറക്കാൻ ഇന്ത്യ ആദ്യം നിശ്ചയിച്ചിരുന്നത് ക്രിസ്റ്റൽ മേസ് ആയുധങ്ങളാണ് . ആക്രമണത്തിനു മുൻപ് തന്നെ ഇന്ത്യയുടെ ഡ്രോൺ വിമാനങ്ങൾ പാകിസ്ഥാനു മുകളിൽ വ്യോമനിരീക്ഷണം നടത്തിയിരുന്നു .

എന്നാൽ ഇതിനിടയിൽ ഇന്ത്യയുടെ ഡ്രോണ്‍ നിരീക്ഷണം പാക് വ്യോമസേനയുടെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് പാക് അധീന കശ്മീരിലേക്ക് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം പോലെ മറ്റൊരു മിന്നലാക്രമണം നടക്കാന്‍ പോകുന്നുവെന്നാണ് അവര്‍ തെറ്റിദ്ധരിച്ചത് .

ഇത് തടുക്കുന്നതിനായി രണ്ട് എഫ്-16 എസ് വിമാനങ്ങളെ പാക് വ്യോമസേന അയച്ചു . ഇതോടെ ഇന്ത്യൻ വ്യോമസേന പദ്ധതികളിൽ പുനരാലോചന നടത്തി . . എഫ്-16 യുദ്ധവിമാനങ്ങള്‍ ബാലകോട്ട് ആക്രമണത്തെ തടഞ്ഞേക്കാമെന്നതാണ് വ്യോമസേനയെ കുഴക്കിയത്. ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നുവെന്നും അവരുടെ ലക്ഷ്യമെന്തെന്നും പാക് വ്യോമസേനയ്ക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല യുദ്ധവിമാനങ്ങള്‍ ആക്രമിക്കപ്പെടാനും ഇത് ഇടയാക്കും.

തുടർന്ന് ആറ് ജഗ്വാര്‍ ബോംബര്‍ വിമാനങ്ങൾ ലാഹോർ ലക്ഷ്യമാക്കി ഇന്ത്യയിൽ നിന്നും പറന്നുയർന്നു . അന്താരാഷ്ട്ര അതിർത്തി ലംഘിക്കരുതെന്ന കർശന നിർദേശം അതിലെ പൈലറ്റുമാർക്ക് ലഭിച്ചിരുന്നു . കാരണം ആ ബോംബർ വിമാനങ്ങളുടെ ആത്യന്തിക ലക്ഷ്യം ആക്രമണമായിരുന്നില്ല ,മറിച്ച് പാകിസ്ഥാനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു .

ഇന്ത്യന്‍ വ്യോമസേനയുടെ ആറ് യുദ്ധവിമാനങ്ങള്‍ ലാഹോര്‍ ലക്ഷ്യമാക്കി വരുന്നുവെന്ന് തോന്നിയ പാക് വ്യോമസേന കരുതിയത് ഇന്ത്യയുടെ ലക്ഷ്യം ജെയ്‌ഷെ മുഹമ്മദിന്റെ ബഹവല്‍പുരിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയിരിക്കാമെന്നാണ്. കാരണം പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നതിനാല്‍ പാകിസ്ഥാനെ കബളിപ്പിക്കാന്‍ ആ നീക്കം ധാരാളമായിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ തന്ത്രം മനസിലാകാതെ ലാഹോറിലേക്ക് പാക് വ്യോമസേന എഫ്-16 യുദ്ധവിമാനങ്ങളുടെ ദിശ മാറ്റി.

മാത്രമല്ല അതിർത്തിയിൽ നിന്നും ജയ്ഷെ ക്യാമ്പുകൾ മാറ്റാനും നീക്കം നടത്തി . ഇതിനിടയിൽ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഇന്ത്യ സാറ്റലൈറ്റ് ഗൈഡഡ് ബോംബുകളായ സ്പൈസ് 2000 തെരഞ്ഞെടുത്തു . തക്കം നോക്കി ഇന്ത്യയുടെ 20 മിറാഷ് -2000 യുദ്ധവിമാനങ്ങള്‍ സാറ്റലൈറ്റ് ഗൈഡഡ് ബോംബുകളുമായി പാക് വ്യോമാതിർത്തിക്കപ്പുറത്തേയ്ക്ക് പറന്നു .

ആറ് മിറാഷ് വിമാനങ്ങള്‍ മാത്രമാണ് ബോംബാക്രമണം നടത്തിയത്. അഞ്ചെണ്ണം പാക് വ്യോമസേനയുടെ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്ക് സജ്ജമായി നിലയുറപ്പിച്ചു. മറ്റുള്ള വിമാനങ്ങള്‍ ആക്രമണം നടത്തുന്ന പ്രദേശത്തിന് മുകളില്‍ കൂടി വട്ടമിട്ടു പറന്നുകൊണ്ടിരുന്നു.

തുടര്‍ന്ന് മുന്‍ നിശ്ചയപ്രകാരം തന്നെ നിശ്ചയിച്ച ലക്ഷ്യത്തിലേക്ക് ബോംബുകള്‍ വര്‍ഷിച്ച് യുദ്ധവിമാനങ്ങള്‍ തിരികെ എത്തി. ഇന്റലിജന്‍സ് വിവരങ്ങള്‍ പ്രകാരം 260 പേരോളം ജെയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പില്‍ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത് . ഉപഗ്രഹ സഹായത്തോടെയാണ് ബോംബുകൾ വർഷിച്ചത് .

ആറു ബോംബാണ് ലോഡ് ചെയ്തിരുന്നത് .ഇതിൽ അഞ്ചെണ്ണവും പ്രയോഗിച്ചു. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ പാകിസ്ഥാനെ തകർത്തെറിഞ്ഞ ഇന്ത്യൻ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്. പുലർച്ചെ 3.45 നാണ് ആക്രമണം തുടങ്ങിയത്.

പിന്നീട് നടന്നത് ചരിത്രം . പുൽവാമയ്ക്ക് ഇന്ത്യ എങ്ങനെ പക വീട്ടിയെന്ന് ഇന്നും പാകിസ്ഥാനെ ഭയപ്പെടുത്തുന്ന ഓർമ്മപ്പെടുത്തൽ . ബാലാക്കോട്ട് ആക്രമണത്തിനു മുൻപ് ഇന്ത്യ നടത്തിയ മുന്നൊരുക്കങ്ങൾ പാക് മാദ്ധ്യമങ്ങൾ പോലും വാർത്തയാക്കിയിരുന്നുവെന്നതും ശ്രദ്ധേയം .

4K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close