ന്യൂഡൽഹി : ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ ശത്രു രാജ്യങ്ങളുടെ ഉറക്കം കെടുത്താൻ പോന്നവയാണ്. കൂടുതൽ പരീക്ഷണങ്ങളിലൂടെ തങ്ങളുടെ വജ്രായുധത്തെ വീണ്ടും ശക്തമാക്കുകയാണ് ഇന്ത്യ.
സുഖോയ് എം.കെ.ഐയിൽ ഘടിപ്പിക്കാവുന്ന ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചെടുത്തതോടു കൂടി മറ്റൊരു രാജ്യങ്ങൾക്കുമില്ലാത്ത നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇപ്പോൾ നാനൂറു കിലോമീറ്റർ ദൂരെയുള്ള യുദ്ധക്കപ്പലുകളെപ്പോലും തകർത്തു തരിപ്പണമാക്കാൻ ശേഷിയുള്ള ബ്രഹ്മോസിന്റെ സ്റ്റീപ് ഡൈവ് പതിപ്പാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്.ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ 90 ഡിഗ്രിയിൽ സ്റ്റീപ് ഡൈവ് ചെയ്യുന്ന ആദ്യ മിസൈലാണ് ബ്രഹ്മോസ്.
ലക്ഷ്യങ്ങളിൽ ലംബമായി വന്നു പതിക്കാനുള്ള ശേഷിയാണ് സ്റ്റീപ്പ് ഡൈവ് പതിപ്പിനെ വ്യത്യസ്തമാക്കുന്നത്. 300 മുതൽ 400 കിലോമീറ്റർ ദൂരെയുള്ള യുദ്ധക്കപ്പലുകളുടെ അന്തകനാകാൻ ഇതിനു കഴിയും. കപ്പൽ വേധ മിസൈലുകളിൽ സംഹാരശേഷിയിൽ ഒന്നാമനാകാൻ തക്ക സാങ്കേതികത്തികവാണ് ഇതിനുള്ളതെന്ന് ബ്രഹ്മോസ് സി.ഇ.ഒ സുധീർ കുമാർ മിശ്ര വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും മികച്ച ശബ്ദാതിവേഗ മിസലുകളിൽ ഒന്നാണ് ബ്രഹ്മോസ് . മൂന്ന് സായുധ സേനാ വിഭാഗങ്ങളുടെയും ഭാഗമായ ബ്രഹ്മോസിന്റെ പതിപ്പുകളുടെ പരീക്ഷണം വിജയകരമായിരുന്നു. ഇന്തോ -റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ് മിസൈൽ പദ്ധതി . ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കപ്പൽ വേധ ക്രൂയിസ് മിസൈൽ പതിപ്പും ബ്രഹ്മോസ് തന്നെയാണ് .















