ന്യൂഡല്‍ഹി: അല്‍ഖ്വായ്ദ തലവന്‍ അയ്മന് അല്‍ സവാഹിരിയുടെ ഭീഷണി നിസാരമായി തള്ളിക്കളയുന്നതായി ഇന്ത്യ. രാജ്യത്തിന്റെ അതിര്‍ത്തികളും പരമാധികാരവും സംരക്ഷിക്കാന്‍ സൈന്യം എപ്പോഴും സജ്ജമാണെന്നും ഭീഷണി കാര്യമായി കാണുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ഇത്തരം ഭീഷണികള്‍ പതിവാണെന്നും അതിനാല്‍ത്തന്നെ ഗൗരവമായി കാണേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഐക്യരാഷ്ട്ര സഭ നിരോധിച്ച സംഘടനയാണ് അല്‍ഖ്വായ്ദ. അതിന്റെ നേതാക്കള്‍ക്കെതിരെ യുഎന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് രവീഷ് കുമാര്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ സൈന്യത്തിനുമെതിരെ മുജാഹിദ്ദീനുകള്‍ പ്രവര്‍ത്തിക്കണമെന്നും ഇന്ത്യന്‍ സമ്പദ് ഘടനയെ തകര്‍ക്കണമെന്നും ആഹ്വാനം ചെയ്തു കൊണ്ടുള്ള സവാഹിരിയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കൂടാതെ, ജമ്മുകശ്മീരിനെ മറക്കരുതെന്ന് പറഞ്ഞ സവാഹിരി അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്റെ ഭീകരവാദ പങ്കാളിത്തത്തെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശിച്ചിരുന്നു.