മുംബൈ: ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയിയുടെ രക്ത സാമ്പിള്‍ ഇന്ന് ശേഖരിക്കും.
ബിനോയിയുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്ന പരാതിക്കാരിയായ യുവതിയുടെ ആരോപണത്തെ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാകണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയുരുന്നു. ഇതനുസരിച്ചാണ് രക്തസാമ്പിളുകള്‍ നല്കാന് പൊലീസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഹാജരായപ്പോള്‍ ഡിഎന്‍എ പരിശേധനയ്ക്ക് തയ്യാറാണെന്ന് ബിനോയ് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
മറ്റു തടസങ്ങളില്ലെങ്കില്‍ ഇന്ന് തന്നെ രക്തസാമ്പിളുകള്‍ എടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി നടപടി ക്രമങ്ങളില്‍ സഹകരിക്കണമെന്ന വ്യവസ്ഥയിലായിരുന്നു ബിനോയിയുടെ ജാമ്യം.