ന്യൂഡല്‍ഹി: ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ചു കയറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലോകസഭയില്‍ പറഞ്ഞു. അതിര്‍ത്തിയില്‍ സമാധാനത്തിനായുളള കരാറുകള്‍ ഇരുരാജ്യങ്ങളും പാലിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ലഡാക്കില്‍ ആറ് കിലോമീറ്ററോളം അതിക്രമിച്ചു കയറിയെന്നും പതാക സ്ഥാപിച്ചെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇന്ത്യ-ഭൂട്ടാന് ടിബറ്റ് അതിര്‍ത്തി പ്രദേശമായ ദോക്ലാമിനെ ചൊല്ലിയുള്ള തര്‍ക്കം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വീണ്ടും നടക്കുന്നുണ്ടെന്ന അഭ്യൂഹം തെറ്റാണെന്നും രാജ്നാഥ് സിംഗ് ലോകസഭയില്‍ അറിയിച്ചു. ദോക്ലാമില്‍ ഇരു സേനകളും സംയമനം പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി സുരക്ഷ ഉറപ്പുവരുത്താനായി തുരങ്കങ്ങള്‍, റെയില്‍വെ പാളങ്ങള്‍, റോഡുകള്‍ തുടങ്ങിയവയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.