തിരുവനന്തപുരം: കോളേജുകളിലേക്കുള്ള ഉത്തരക്കടലാസ് വിതരണത്തിന് കേരള സര്‍വകലാശാല സോഫ്റ്റ്വെയര് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. വിതരണത്തിന്റെ കണക്കുകള്‍ ഇനി തത്സമയം അറിയാന്‍ കഴിയും.
കോളേജുകള്‍ക്ക് അനാവശ്യമായി ഉത്തരക്കടലാസുകള്‍ അയക്കുന്നതും ഉപയോഗശ്യൂനമാക്കുന്നതും തടയുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനം. ഉത്തരക്കടലാസുകള്‍ വാങ്ങുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും കണക്കുവിവരങ്ങള്‍ സോഫ്റ്റ്വെയറില് രേഖപ്പെടുത്തും. ഇതുവഴി കോളേജുകള്‍ക്ക് നല്കിയ ഉത്തരക്കടലാസുകളില്‍ ഉപയോഗിച്ചതും ബാക്കിവന്നതിന്റെയും കൃത്യമായ എണ്ണം തത്സമയം സര്‍വകലാശാലയില്‍ അറിയാനാവും.
പുറമെ നിന്നും സോഫ്റ്റ് വെയര്‍ വാങ്ങാന്‍ കോടികള്‍ ചെലവ് വരുന്നതിനാല്‍ സ്വന്തമായി സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗവും കമ്പ്യൂട്ടര്‍ സെന്ററും ചേര്‍ന്നാണ് സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കുന്നത്. ആറ് മാസത്തിനകം സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കുമെന്നും അതുവരെ ഉത്തരക്കടലാസുകളുടെ വിവരങ്ങള്‍ ഇ-മെയിലായി അറിയാക്കാനും കോളേജുകളോട് കേരള സര്‍വകലാശാല നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ എഴുതാത്ത നാല് കെട്ട് ഉത്തരക്കടലാസുകളും ഫിസിക്കല്‍ ഡയറക്ടറുടെ വ്യാജസീലുകളും കണ്ടെത്തിയിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഓഫീസില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത സാഹചര്യത്തിലാണ് പുതിയ നടപടികള്‍.