തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ് കുമാറിന്റെ മൃതദേഹം ഒരാഴ്ച്ചയ്ക്കുള്ളില്‍ റീ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന് ജസ്റ്റീസ് കെ. നാരായണക്കുറിപ്പ്. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു.
രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ജയില്‍ ഡിഐജി നടത്തിയ വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ ഉദ്യോഗസ്ഥരില്‍ നിന്നും സഹതടവുകാരില്‍ നിന്നും മൊഴി എടുത്തതായും അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡിയില്‍ വെച്ച് ക്രൂര മര്‍ദ്ദനമേറ്റിരുന്നുവെന്ന് രാജ്കുമാര് പറഞ്ഞിരുന്നുവെന്ന് സഹതടവുകാര്‍ വെളിപ്പെടുത്തി.
അതേസമയം രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും വീഴ്ച്ച സംഭവിച്ചതായി കമ്മീഷന് നിരീക്ഷിച്ചു. തീര്‍ത്തും അവശനിലയിലായിരുന്നിട്ടും സാധാരണ ഒരു ഓ.പി കേസായി മാത്രമാണ് രാജ്കുമാറിനെ ഡോക്ടര്‍മാര്‍ പരിഗണിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ നിന്ന് ബോധ്യപ്പെട്ടതായി ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
രോഗിയുടെ ചികിത്സ അകാരണമായി വൈകിപ്പിച്ചതായി ബോധ്യപ്പെട്ടിരിക്കുകയാണെന്നും ചികിത്സ നല്‍കാതിരുന്നത് ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയായാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.