ന്യൂഡല്‍ഹി: ദേശീയ പ്രതിരോധ ഫണ്ടിനു കീഴിലുള്ള പ്രധാനമന്ത്രി സ്കോളര്‍ഷിപ്പ് പദ്ധതിയിലെ പ്രധാന മാറ്റങ്ങള്‍ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ അംഗീകാരം നല്കി. സ്കോളര്‍ഷിപ്പിന്റെ ഭാഗമായി തുക ഗണ്യമായി വര്‍ധിപ്പിച്ചു. തീവ്രവാദ ആക്രമണത്തിലോ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണത്തിലോ രക്തസാക്ഷിത്വം വരിച്ച സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ലക്ഷ്യവും വിപുലീകരിച്ചിട്ടുണ്ട്.
കൂടാതെ കേന്ദ്ര സായുധ പോലീസ് സേന ഉദ്യോഗസ്ഥര്‍ക്കു സംഘടിത കേഡര്‍ പദവി നല്‍കാനുള്ള നിര്‍ദ്ദേശത്തിനും സര്‍ക്കാര്‍ അംഗീകാരം നല്കി. ഈ നീക്കത്തിലൂടെ അഞ്ച് പ്രാഥമിക സിഎപിഎഫുകളിലോ അര്‍ദ്ധസൈനിക വിഭാഗങ്ങളിലോ ഉള്ള ഉദ്യോഗസ്ഥരെ നിരവധി ആനുകൂല്യങ്ങള്‍ക്കു അര്‍ഹരാക്കുന്നു. ഈ നീക്കം 2006 മുതല്‍ വിരമിച്ച ആയിരക്കണക്കിനു സൈനിക ഉദ്യോഗസ്ഥര്‍ക്കും പ്രയോജനപ്പെടും.സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി എന്നിവരാണ് ഈ പരിധിയില്‍ വരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവിതം സമര്‍പ്പിക്കുന്ന ജവാന്മാരുടെ ക്ഷേമത്തിനായുള്ള പ്രതിജ്ഞാബദ്ധത നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. നടപ്പിലാവാതെ കിടന്നിരുന്ന വണ്‍റാങ്ക് വണ്‍ പെന്ഷന് പദ്ധതി നടപ്പിലാക്കിയതും മോദി സര്‍ക്കാരിന്റെ നേട്ടമായിരുന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ തീരുമാനവും രാജ്യത്തെ സംരക്ഷിക്കുന്നവര്ക്കായുള്ള സുരക്ഷായ്ക്കു പ്രാധാന്യം നല്‍കുക എന്നതായിരുന്നു.