ന്യൂഡല്‍ഹി : രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അന്‍പതു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രതിരോധ മേഖലയ്‌ക്കായി സര്‍ക്കാര്‍ ചിലവഴിച്ചത് 8500 കോടി രൂപ. ഇന്ത്യന്‍ സൈന്യത്തിനും വ്യോമസേനയ്‌ക്കുമായാണ് സര്‍ക്കാര്‍ ഈ തുക ചിലവഴിച്ചിരിക്കുന്നത്.
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 8000 കോടി രൂപയാണ് പ്രതിരോധ ആയുധങ്ങള്‍ക്കു മാത്രമായി സര്‍ക്കാര്‍ വിനിയോഗിച്ചത്. 2019 ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിരോധ മേഖലകള്‍ക്കായി തുടക്കം കുറിച്ച പദ്ധതികളെല്ലാം തന്നെ ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് സര്‍ക്കാരിനു പൂര്‍ത്തികരിക്കാന്‍ സാധിച്ചിരുന്നു.
പുല്‍വാമ അക്രമത്തിനു ശേഷം അതിര്‍ത്തി മേഖലകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രം പ്രത്യേക സുരക്ഷാ സേനകളെയും വിന്യസിപ്പിച്ചിരുന്നു. അക്രമത്തില്‍ 44 സിആര്‍പിഎഫ് ജവാന്മാരെയാണ് രാജ്യത്തിനു നഷ്ടമായത്.
സുരക്ഷ ശക്തമാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും റഷ്യയുമായുള്ള കരാറില്‍ മിസൈലുകളടക്കം കോടികളുടെ പ്രതിരോധ ആയുധങ്ങള്‍ വാങ്ങാനും ഇന്ത്യയ്‌ക്കു സാധിച്ചു.
കാലഹരണപ്പെട്ട ആയുധങ്ങള്‍ മാറ്റി ഇന്ത്യന്‍ സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി സര്‍ക്കാര്‍ നേരത്തെ നടപ്പിലാക്കി.ഇതിന്റെ ഭാഗമായി ഏഴ് ലക്ഷം റൈഫിളുകളും 88,600യന്ത്രത്തോക്കുകളും സൈന്യം പുതുതായി വാങ്ങിയിരുന്നു. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്.















