യു എ ഇ യിലെ പ്രമുഖ ടൂറിസം ബിസിനസ്സ് സ്ഥാപനമായ അൽ നബൂദ ട്രാവൽ ആൻഡ് ടൂറിസവുമായി ചേർന്നാണ് കണ്ണൂരിലേക്ക് ഗോ എയർ സർവീസ് ആരംഭിക്കുന്നത്. ഈ മാസം 26 മുതൽ എല്ലാ ദിവസവും പ്രാദേശിക സമയം പുലർച്ചെ 12.20 ന് ദുബായിൽ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 5.35നു കണ്ണൂരിൽ എത്തിച്ചേരും. കണ്ണൂരിൽ നിന്നും വൈകിട്ട് 7.05 ന് പുറപ്പെട്ട് പ്രാദേശിക സമയം രാത്രി 09.55 നാണ് വിമാനം ദുബായിൽ എത്തുന്നത്. 335 ദിർഹം മുതലാണ് ഒരു ദിശയിലേക്കുള്ള യാത്രാ നിരക്ക്. എല്ലാ ദിവസവും നേരിട്ടുള്ള സർവീസ് ആകും കണ്ണൂരിലേക്കും തിരിച്ചും ഉണ്ടാവുക.
ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച സേവനം ഉറപ്പ് വരുത്തുകയാണ് ഗോ എയർ ലക്ഷ്യമാക്കുന്നത് എന്ന് ഇന്റർനാഷണൽ ഓപ്പറേഷൻസ് വൈസ് പ്രസിഡണ്ട് അർജുൻ ദാസ് ഗുപ്ത പറഞ്ഞു. ദുബായിൽ നിന്നും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും സർവീസ് തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായും, കണ്ണൂരിൽ നിന്നും സെപ്റ്റംബറിൽ പ്രാദേശിക സർവീസുകൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അൽ നബൂദ ട്രാവൽ ടൂറിസം സീ ഇ ഓ നാസിർ ജമാൽ ഖാൻ, ഗോ എയർ ഇന്റർനാഷണൽ ഓപ്പറേഷൻസ് സീനിയർ ജനറൽ മാനേജർ ജലീൽ ഖാലിദ്, കോർപറേറ്റ് കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ബാകുൽ ഗാല എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.