യു എ ഇ ഫെഡറൽ അതോറിട്ടി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ് ആണ് മുന്നറിയിപ്പ് നിർദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രസിദ്ധീകരിച്ചത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും, സ്വകാര്യ വിവരങ്ങളും ആവശ്യപ്പെട്ട് വരുന്ന ഫോൺ കോളുകൾ അവഗണിക്കണം എന്നാണ് നിർദേശങ്ങളിൽ പ്രധാനം. ഔദ്യോഗിക ഏജൻസികളിൽ നിന്നാണെന്ന വ്യാജേനയാണ് ഇത്തരം ഫോൺ സന്ദേശങ്ങളും, ഇമെയിലുകളും എത്തുന്നത്. ബാങ്കുകളോ, മറ്റേതെങ്കിലും സർക്കാർ ഡിപ്പാർട്മെന്റുകളോ ഇത്തരത്തിൽ ഫോൺ വഴിയോ, ഇമെയിൽ വഴിയോ വിവരങ്ങൾ ശേഖരിക്കില്ല എന്ന് ഐഡന്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ് യു എ ഇ എന്ന ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി പുറപ്പെടുവിച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു.