ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ ഉള്‍പ്പെടെ ജമ്മുകശ്മീരില്‍ പൂര്‍ണ അവകാശം ഇന്ത്യയ്ക്കാണെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാകിസ്ഥാനില്‍ നിന്നും കശ്മീരിന്റെ മറ്റ് ഭാഗങ്ങള്‍ തിരിച്ചുപിടിക്കേണ്ടത് എങ്ങനെയെന്നുള്ളത് രാഷ്ട്രീയ തീരുമാനം ആയിരിക്കും. ഉത്തരവുകള്‍ സൈന്യം അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നയതന്ത്രമാര്ഗത്തിലൂടെയോ മറ്റുമാര്‍ഗത്തിലൂടെയോ പാക് അധീന കശ്മീര്‍ തിരികെ പിടിക്കേണ്ടതെന്ന തീരുമാനം രാഷ്ട്രീയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1947ല്‍ ഹരിസിങ് രാജാവ് കശ്മീരിനെ ഇന്ത്യയില്‍ നിരുപാധികം ലയിപ്പിച്ചതാണ്. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വിന്യസിക്കുകയും പാക് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയെങ്കിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ കശ്മീരിന്റെ കുറച്ചു ഭാഗങ്ങള്‍ പാകിസ്ഥാന്റെ കൈയിലായി. അതിനെ പാക് അധീന കശ്മീരെന്നാണ് വിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബിപിന്‍ റാവത്ത്. കാര്‍ഗില്‍ പോലെ വീണ്ടും അബദ്ധങ്ങള്‍ പാകിസ്ഥാന് ആവര്‍ത്തിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.