മുംബൈ: മഹാലക്ഷ്മി എക്സ്പ്രസില്‍ കുടുങ്ങിയ 700 യാത്രക്കാരെയും രക്ഷപ്പെടുത്തിയതായി കേന്ദ്ര റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു. മുംബൈയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള വംഗാനിക്കും ബഡ്ലാപൂരിനും ഇടയിലാണ് ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്നത്.
എന്‍ഡിആര്‍എഫ്, ഇന്ത്യന്‍ ആര്‍മി, നേവി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയതും . നിരവധി ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചതും ആളുകളെ രക്ഷിക്കുന്നത് കൂടുതല്‍ എളുപ്പത്തിലാക്കി.
യാത്രക്കാര്‍ക്ക് വേണ്ട വൈദ്യ സഹായത്തിനായി 37 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗൈനക്കോളജിസ്റ്റ് വരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
കോലാപൂര്‍-മുംബൈ മഹാലക്ഷ്മി എക്സ്പ്രസ് ട്രാക്കുകള്‍ വെള്ളപ്പൊക്കം കാരണം ഇന്ന് പുലര്‍ച്ചെ 3 മണി മുതല്‍ കുടുങ്ങിക്കിടന്നത്. ട്രെയിന്‍ കുടുങ്ങിയ വംഗാനി സ്റ്റേഷന് സമീപം മൂന്നടി ഉയരത്തിലാണ് വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തത്.
അടുത്ത രണ്ടുദിവസവും മഹാരാഷ്ട്രയിലെ വിവിധഭാഗങ്ങളില്‍ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവിഭാഗത്തിന്റെ മുന്നറിയിപ്പ്. മഴയെ തുടര്‍ന്ന് മുംബൈയിലെ റെയില്‍ വ്യോമ ഗതാഗതം താറുമാറായി. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഏഴ് സര്‍വീസുകള്‍ റദ്ദാക്കി.