കാട്ടയം : രാജ്കുമാറിന്റേത് കസ്റ്റഡി കൊലപാതകമെന്നതിന് കൂടുതല്‍ തെളിവുകള്‍ നല്കി റീ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ആദ്യ പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്താതിരുന്ന കൂടുതല്‍ പരിക്കുകള്‍ രണ്ടാമത് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ അതിക്രൂരമായ മര്‍ദ്ദനത്തിന് രാജ്കുമാര് ഇരയായതായി വ്യക്തമായി. മരണത്തിന് വരെ കാരണമായേക്കാവുന്ന ഗുരുതര പരിക്കുകളാണ് രാജ്കുമാറിന്റെ ശരീരത്തില്‍ ഉള്ളതെന്ന് റീ പേസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിന്റെയും, തുടയുടെയും,വയറിന്റെയും പിന്നില്‍ ഗുരുതരമായ പരിക്കുകള്‍ ഉണ്ട്. കാലുകള്‍ ബലമായി അകത്തിയതിന്റെ പരിക്കുകളും മൃതദേഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ന്യൂമോണിയ ബാധയാണ് രാജ്കുമാറിന്റെ മരണകാരണമെന്നാണ് ആദ്യ പേസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യ പോസ്റ്റ് മോര്‍ട്ടത്തില്‍ ആന്തരിക പരിക്കുകള്‍ ഉള്ളതായി കണ്ടെത്തിയുരുന്നു. രാജ്കുമാറിന് അണുബാധയുണ്ടായതിന് ശേഷം ന്യൂമോണിയ കൂടി ബാധിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് ആദ്യ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
അന്ന് കണ്ടെത്താതിരുന്ന ഗുരുതരമായ മുറിവുകള്‍ ആണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് നടന്ന പോസ്റ്റ് മോര്‍ട്ടത്തില്‍ ഗുരുതര വീഴ്ചയുള്ളതായാണ് ഇത് വ്യക്തമാക്കുന്നത്.
രാജ്കുമാറിന്റെ അവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി അയക്കും. ന്യൂമോണിയ മരണകാരണം ആയിട്ടുണ്ടോ എന്നത് അന്തിമ റിപ്പോര്‍ട്ട് വന്നതിന് ശേഷമേ സ്ഥീരികരിക്കാനാവു.
കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയില്‍ വച്ച് വൈകീട്ട് നാലു മണിയോടെയാണ് റീപോസ്റ്റ് മോര്‍ട്ടം ആരംഭിച്ചത്. പാലക്കാടു നിന്നുള്ള ഡോ.പിബി ഗുജ്റാള്‍, കോഴിക്കോടു നിന്നുള്ള ഡോ.കെ പ്രസന്നന്.ഡോ കെ. ഉന്മേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റീ പോസ്റ്റ് മോര്‍ട്ടം നടത്തിയത്. മൃതദേഹം പൂര്‍ണ്ണമായി സ്കാന്‍ ചെയ്യുകയായിരുന്നു.
മൂന്ന് മണിക്കൂര്‍ നീണ്ട പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം വാഗമണ്ണിലേക്ക് കൊണ്ടു പോയി.