ന്യൂഡല്‍ഹി : തൊഴില്‍ നിയമങ്ങള്‍ പരിഷ്ക്കരിക്കുന്നതിനായി തയ്യാറാക്കിയ വേജ് കോഡ് ബില്ല് ലോകസഭ പാസാക്കി. അസംഘടിത മേഖലയിലുള്‍പ്പെടെ മിനിമം വേതനം ഉറപ്പാക്കുന്ന ഈ ബില്ല് നിലവിലുള്ള വേതന, ബോണസ്് ചട്ടങ്ങളിലെ പ്രസക്ത വകുപ്പുകള്‍ ചേര്‍ത്താണ് തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രി സന്തോഷ് ഗംഗേവാര് അവതരിപ്പിച്ച ബില്ലില്‍ തൊഴിലാളികളുടെ ജീവിത സാഹചര്യം കണക്കിലെടുത്ത് രാജ്യ വ്യാപകമായി ഏകീകൃത അടിസ്ഥാന വേതന നിരക്ക് നിശ്ചയിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും കുറഞ്ഞ വേതന നിരക്ക് നിശ്ചയിക്കാം. എന്നാല്‍ കുറഞ്ഞ വേതനം അടിസ്ഥാന വേതന നിരക്കിനേക്കാള്‍ കുറയാന്‍ പടില്ല.
അതേസമയം ഈ ബില്ല് പാസാകുന്നതിലൂടെ 50 കോടി തൊഴിലാളികള്‍ക്ക് ഉപകാരപ്രദമാകുമെന്നും കുറഞ്ഞ വേതനം എല്ലാ തൊഴിലാളികളുടെയും അവകാശമായിരിക്കുമെന്നും തൊഴില്‍ മന്ത്രി സന്തോഷ് ഗംഗേവാര് പറഞ്ഞു.ബില്ല് പരിശോധിച്ച സ്ഥിരം സമിതിയുടെ 24 നിര്‍ദേശങ്ങളില്‍ 17 ണ്ണവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ശമ്പളം കൃത്യസമയത്ത് നല്‍കുന്നത് സംബന്ധിച്ച വിഷയങ്ങളും ഈ ബില്ലിന്റെ പരിധിയില്‍ വരും. നിയമപ്രകാരം ചട്ടം പാലിക്കുന്നതില്‍ വീഴ്ച്ച് വരുത്തുന്ന തൊഴിലുടമകള്‍ക്ക് ശിക്ഷ നല്‍കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. നിശ്ചിത വേതനത്തില്‍ കുറവു വേതനം നല്‍കുക, വ്യവസ്ഥകള്‍ ലംഘിക്കുക തുടങ്ങിയ വീഴ്ചകള്‍ക്കാണ് പിഴ. വീഴ്ചയുടെ ഗൗരവത്തിനനുസരിച്ച 50,000 രൂപ പിഴ മുതല്‍ ശിക്ഷയുടെ തോത് തുടങ്ങുന്നു. വീഴ്ച ആവര്‍ത്തിക്കുകയാണെങ്കില്‍ മൂന്നു മാസം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.