ന്യൂഡല്‍ഹി: കശ്മീരിലെ കെറന്‍ സെക്ടറില്‍ നുഴഞ്ഞു കയറ്റത്തിനിടെ വെടിയേറ്റു മരിച്ചവര്‍ പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി) അംഗങ്ങളാണെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണു നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ സൈന്യം ഇവരെ വധിച്ചത്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൈമാറുന്നതിന് വെളുത്ത കൊടി ഉയര്‍ത്തി വരാന്‍ സൈന്യം പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്ഥാന് ഇതിനു തയ്യാറായിട്ടില്ല. പാകിസ്ഥാന്റെ സൈന്യമല്ലെന്നാണ് വാദം. കശ്മീര്‍ വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആരോപിച്ചു.
കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നതായി രഹസ്യാന്വേഷണ വിഭാഗം നേരത്തെ വിവരം നല്‍കിയിരുന്നു. ജൂലൈ 28നും 31നും ഇടയില്‍ നുഴഞ്ഞുകയറ്റശ്രമമുണ്ടായിരുന്നു.