ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ജയത്തോടെ തുടങ്ങി. നോര്‍വിച്ച് സിറ്റിയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക്. ആദ്യപകുതിയില്‍ തന്നെ വലനിറയെ ഗോളടിച്ച ലിവര്‍പൂള്‍ കളിയിലുടനീളം ആധിപത്യം നിലനിര്‍ത്തി. നോര്‍വിച്ചിന്റെ ക്യാപ്റ്റന്‍ ഗ്രാന്റ് ഹാന്‍ലെയുടെ സെല്‍ഫ് ഗോളിലൂടെ തുടങ്ങിയ കളിയില്‍ ലിവര്‍പ്പൂള്‍ 3 ഗോളുകളും കൂടി അടിച്ചുകൂട്ടി. മറുപടിയായി നോര്‍വിച്ചിനുവേണ്ടി പുക്കുവാണ് ആശ്വാസ ഗോള്‍ നേടിയത്. ലിവര്‍പൂളിന് വേണ്ടി സല(19) വാന്‍ഡിക്(28) ഓറിഗി(42) എന്നിവര്‍ ഗോള്‍ നേടി. ഒരു കളി മാത്രം നടന്ന ആദ്യദിനത്തില്‍ ലിവര്‍പൂള്‍ ജയത്തോടെ 3 പോയിന്റ് നേടി.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രീമിയര്‍ ലീഗില്‍ എത്തുന്ന നോര്‍വിച്ചിന് ആദ്യമത്സരം തന്നെ പൊള്ളുന്ന അനുഭവമായി. ലിവര്‍പൂളിന്റെ ഡിവോക് ഒറിഗിയുടെ ഏഴാം മിനിറ്റിലെ മനോഹരമായ ഒരു അതിവേഗക്രോസ്സ് നായകന് ഹാന്‍ലെ ഗതിമാറ്റിവിട്ടത് സ്വന്തം വലയിലേയ്ക്കായിരുന്നു(1-0).തുടര്‍ന്ന് 19-ാം മിനിറ്റില്‍ സ്റ്റാര്‍ സട്രൈക്കര്‍ മുഹമ്മദ് സലാ റോബര്‍ട്ടോ ഫെര്‍മിനോയുടെ പാസ്സ് കാലില്കുരുക്കി വലയിലെത്തിച്ച് രണ്ടാം ഗോള്‍ നേടി(2-0).
ഇതിനിടെ ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ സ്റ്റിപ്പര്മാന്റെ മികച്ച ഷൂട്ട് ലിവര്‍പൂള്‍ ഗോളി അലിസ്സണ്‍ വിദഗ്ധമായി തട്ടിയകറ്റി ഒരു ഗോള്‍ രക്ഷപെടുത്തി. എന്നാല്‍ സലായുടെ മികച്ച കോര്‍ണര്‍ ശ്രദ്ധിക്കപ്പെടാതെ നിന്ന വിര്‍ജില്‍ വാന്‍ ഡിക് ഹെഡറിലൂടെ 28-ാം മിനിറ്റില്‍ മൂന്നാം ഗോളാക്കിമാറ്റി(3-0). ട്രെന്റ് അലക്സാണ്ടറുടെ കിടിലന്‍ പാസ്സ് ഒറിഗി കണ്ണടച്ചു തുറക്കുംമുന്നേ നെറ്റിലേയ്ക്ക് അടിച്ചുകയറ്റി ടീമിന്റെ നാലാം ഗോളും നേടി(4-0).
ചെങ്കുപ്പായക്കാരുടെ മികച്ച പ്രതിരോധനിരയെ മറികടക്കാനാകാതെ വിഷമിച്ച നോര്‍വിച്ച് പക്ഷെ സ്റ്റാര്‍ സ്ട്രൈക്കര്‍ തീമു പുക്കുവിലൂടെ ആഘാതം കുറച്ചു(1-4). ലിവര്‍പൂള്‍ ഗോളി അലിസ്സണ്‍ തെന്നിവീണ് പരിക്കേറ്റ ശേഷം വലകാത്തത് അഡ്രീയാനായിരുന്നു.