ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തെ റിപ്പബ്ലിക് ദിനം എന്ന് തെറ്റായി പരാമര്‍ശിച്ച ഡല്‍ഹി പൊലീസിനെതിരെ കേസ്. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഉത്തരവിലാണ് ഇത്തരം ഒരു അബദ്ധം പൊലീസ് വിഭാഗത്തിന് സംഭവിച്ചത്.
‘ഓഗസ്റ്റ് 15 റിപ്പബ്ലിക് ഡേ’ എന്നാണ് സ്വാതന്ത്ര്യദിനത്തിനു പകരം ഉത്തരവില്‍ അച്ചടിച്ചിരിക്കുന്നത്. സൗത്ത് ഡല്‍ഹി യൂനിറ്റ് പൊലീസ് വകുപ്പില്‍ നിന്നാണ് ഇത്തരം ഒരു അബദ്ധം സംഭവിച്ചത്.
മഞ്ജീത് സിംഹ് ചംഗ് എന്ന വ്യക്തിയാണ് ഡല്‍ഹി പൊലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം ഉത്തരവുകള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധിക്കാതെ പുറത്തിറക്കാറില്ലെന്നും അതിനാല്‍ ഇത് ഗുരുതര പിഴവാണെന്നും മഞ്ജീത് സിംഗ് തന്റെ പരാതിയില്‍ ആരോപിക്കുന്നു
ഉത്തരവിലുണ്ടായത് സാങ്കേതിക പിഴവുമാത്രമാണെന്ന് കരുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജി പരിശോധിച്ച ചീഫ് ജസ്റ്റീസ് കൂടുതല്‍ വാദത്തിനായി ബുധനാഴ്ചയിലേക്ക് മാറ്റിവെച്ചു.