കോഴിക്കോട് ; പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളക്കെട്ടിൽ വീണ് മരിച്ച സേവാഭാരതി പ്രവർത്തകൻ ലിനുവിന്റെ കുടുംബത്തിനു കൈത്താങ്ങായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും ,വിശ്വശാന്തി ഫൗണ്ടേഷനും . ലിനുവിന്റെ കുടുംബത്തിന് മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന് വീട് നിര്‍മിച്ച് നല്‍കും.
മാത്രമല്ല ലിനുവിന്റെ കടങ്ങൾ തീർക്കാനുള്ള തുകയും ഫൗണ്ടേഷൻ നൽകും . വിശ്വശാന്തിയുടെ പ്രതിനിധിയായി എത്തിയ മേജര്‍ രവി ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നൽകി .ഇന്ന് ഉച്ചയ്ക്കാണ് മേജർ രവിയും സംഘവും ലിനുവിന്റെ വീട്ടിലെത്തിയത് . കഴിഞ്ഞ ദിവസം മോഹൻലാൽ ലിനുവിന് ആദരാഞ്ജലികൾ അർപ്പിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു.
അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെയാണ് ലിനു ചെറുവണ്ണൂരിലെ വീട്ടിൽ കഴിഞ്ഞത്. വീട് മഴയെടുത്തപ്പോള്‍ സമീപത്തെ സ്കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് ഇവര്‍ മാറി. ഇവിടെ നിന്നാണ് ലിനും കൂട്ടരും സേവാഭാരതിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.
കൂട്ടുകാരുമൊത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കൂട്ടം തെറ്റി. മണിക്കൂറുകള്‍ക്ക് ശേഷം ജീവനറ്റ ശരീരമാണ് കാണുന്നത്.