എറണാകുളം : മധ്യ കേരളത്തില്‍ മഴ കനത്തതോടെ നദികളിലെ ജല നിരപ്പ് വീണ്ടും ഉയര്‍ന്നു. പെരിയാറിന്റെയും ,ചാലക്കുടിപ്പുഴയുടേയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണ കൂടം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ വരെ 80.27 മില്ലീ മീറ്റര്‍ മഴ ജില്ലയില്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെ മുതല്‍ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ മണപ്പുറത്ത് വീണ്ടും വെള്ളം കയറി. പെരിയാറിന്റെ തീരപ്രദേശങ്ങളിലും എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലും കനത്ത മഴ പെയ്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണം . കൂടാതെ പെരിയാറിന്റെ താഴ്ന്ന പ്രദേശങ്ങളും വീണ്ടും വെള്ളത്തിനടിയിലായിട്ടിണ്ട്
മഴ ശക്തിപ്രാപിച്ചതോടെ ഭൂതത്താന്‍കെട്ട് തടയണയില്‍ നിന്നും പെരിയാറിലേക്കൊഴുകുന്ന വെള്ളത്തിന്റെ അളവിലും വര്‍ധനയുണ്ടായിട്ടുണ്ട്. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി. നീരൊഴുക്ക് വര്‍ധിച്ചതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് വാല്‍വുകള്‍ കൂടി തുറന്നു. പീച്ചി ഡാമിലെ ഷട്ടറുകള്‍ നാളെ തുറക്കും.