മുബൈ: പത്തു വര്‍ഷത്തിനിടെ മുബൈ വിട്ടത് ഒമ്പതു ലക്ഷം പേര്. മെട്രോസിറ്റിയായ മുംബൈയില്‍ ജീവിത ചിലവ് കൂടിയതോടെയാണ് പലരും മുംബൈ വിട്ട് സമീപ ജില്ലകളിലേക്ക് കുടിയേറുന്നത്.
താനെ ജില്ലയില്‍ മാത്രം എട്ടു ലക്ഷത്തോളം പേരാണ് എത്തിയത്. ഒരു ലക്ഷം പേര് റായ്ഗഡ് ജില്ലയിലേക്കും കുടിയേറിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
2011-ലെ ജനസംഖ്യ കണക്കു പ്രകാരമാണിത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും, ഇടത്തരം കുടംബങ്ങളിലുള്ളവരുമാണ് കൂടുതലായി മുംബൈ വിടുന്നത്. 2001-2011 വരെയുള്ള കണക്കു പ്രകാരം താനെയില്‍ 29.3 ലക്ഷം പേരാണ് എത്തിയത്.
നവി മുംബൈ, താനെ ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളില്‍ സ്ഥലസൗകര്യമുള്ള വീടുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നതും ഇടത്തരക്കാരെ മുംബൈ വിടാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
മുംബൈയിലെ ചെറിയ വീടു വിറ്റു കിട്ടിയ വലിയ തുക ഉപയോഗിച്ച് താനെയിലും മറ്റും ഫ്ളാറ്റുകള്‍ വാങ്ങുന്നവരാണ് മിക്കവരും. അതോടൊപ്പം, യാത്രാ സൗകര്യം എളുപ്പമായതിനാല്‍ കൂടുതല്‍ പേരും ഈ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കുകയാണ്.
മുംബൈയിലെ പല ഫാക്ടറികളും പൂട്ടിയതിനാല്‍ ഒട്ടേറെപേര്‍ നഗരം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം മില്ലുകള്‍ പൂട്ടിയതോടെ ലാല്‍ബാഗ്, പരേല്‍, ദാദര്‍ എന്നിവിടങ്ങളിലുള്ള മറാഠി ജനത ഒന്നടങ്കം നവി മുംബൈയിലേക്ക് മാറിയിരിക്കുകയാണെന്ന് എന്‍സി പി നേതാവും അഭിഭാഷകനുമായ മജീദ് മേമന് പറയുന്നു.
2011- ലെ ജനസംഖ്യ കണക്കു പ്രകാരം മുംബൈയിലെ ജനസംഖ്യ കുറഞ്ഞപ്പോള്‍ താനെയില്‍ 44 ശതമാനം കൂടി. മീരാ ഭയന്തറില്‍ 56.5 ശതമാനവും, വസായി വിരാറില്‍ 135.4 ശതമാനം ജനങ്ങളും വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.