ചെന്നൈ: പ്രായത്തേക്കാള്‍ പ്രധാനമാണ് മനോധൈര്യം എന്ന് സമൂഹത്തിന് മുന്നില്‍ തെളിയിച്ച ഷണ്‍മുഖവേലിനും ഭാര്യ സെന്താമരയ്ക്കും സര്‍ക്കാരിന്റെ ധീരതാ പുരസ്ക്കാരം. ആയുധധാരികളായ കള്ളന്മാരെ ആത്മധൈര്യം കൊണ്ട് നേരിട്ട വൃദ്ധദമ്പതികളാണ് ഷണ്മുഖവേലനും ഭാര്യയും.
മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ട് പേരാണ് ഷണ്‍മുഖവേലന്റെ വീട്ടില്‍ മോഷണത്തിനെത്തിയത്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. വീടിന് പുറത്ത് കസേരയില്‍ ഇരിക്കുകയായിരുന്ന ഷണ്‍മുഖവേലനെ പിന്നില്‍ നിന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
ബഹളം കേട്ട് പുറത്തിറങ്ങിയ ഷണ്‍മുഖവേലന്റെ ഭാര്യ സെന്താമര കയ്യില്‍ കിട്ടിയ സാധനങ്ങള്‍ കള്ളന്മാര്ക്ക് നേരെ വലിച്ചെറിഞ്ഞു. ഇതോടെ കള്ളന്മാരുടെ പിടിയില്‍ നിന്നും ഷണ്‍മുഖവേലന്‍ സ്വതന്ത്രനായി. ദമ്പതികളുടെ പ്രത്യാക്രമണത്തില്‍ പിടിച്ചു നില്ക്കാന് കഴിയാതെ കള്ളന്മാര് ഓടി രക്ഷപെടുകയായിരുന്നു.
ഇരുവരും ചേര്‍ന്ന് കള്ളന്മാരെ തുരത്തിയോടിച്ച ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തിരുനെല്‍വേലി ജില്ലാകളക്ടറുടേയും പൊലീസ് സൂപ്രണ്ടിന്റേയും ശുപാര്‍ശ പ്രകാരമാണ് ഇരുവര്‍ക്കും പുരസ്ക്കാരം ലഭിച്ചത്.