ഈദ് ദിനങ്ങളിൽ ദുബായിൽ പൊതു ഗതാഗത സേവനങ്ങളെ നാല്പത് ലക്ഷത്തിലേറെ പേർ ആശ്രയിച്ചതായി കണക്കുകൾ. ദുബായ് ആർ ടി എ ഈദ് അവധി ദിനങ്ങളിലെ തിരക്ക് പരിഗണിച്ച് പൊതുഗതാഗത സേവനങ്ങൾക്ക് പ്രത്യേക ആസൂത്രണങ്ങൾ നടത്തിയിരുന്നു. കൂടുതൽ കാര്യക്ഷമവും, കൃത്യതയും ഉള്ള സേവനങ്ങൾ നല്കാൻ സാധിച്ചതിനാൽ ദുബായ് മെട്രോ, ബസ്, ടാക്സി, ട്രാം, ഫെറി എന്നിവയെ യാത്രക്കായി പൊതുജനങ്ങൾ ആശ്രയിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ദുബായ് മെട്രോ ഗ്രീൻ, റെഡ് ലൈനുകളിൽ 1360469 പേർ ഈദ് ദിനങ്ങളിൽ യാത്ര ചെയ്തു. 55983 പേർ ട്രാം സർവീസിനെ ആശ്രയിച്ചപ്പോൾ, 1061185 പേർ ദുബായ് ബസ്സിൽ യാത്ര ചെയ്തു. ടാക്സി സേവനങ്ങളെ ആശ്രയിച്ചവരുടെ എണ്ണം 1305458 ആണ്. 220100 പേർ ജലഗതാഗത സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി എന്നും ദുബായ് ആർ ടി എ പുറത്തു വിട്ട കണക്കുകൾ പറയുന്നു. പൊതുഗതാഗത സൗകര്യങ്ങളിലേക്ക് ആളുകളെ ആകർഷിക്കാൻ ദുബായ് ആർ ടി എ നൂതനവും, കാര്യക്ഷമവുമായ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.