വാഷിങ്ടണ്‍: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ ബ്രിട്ടന് പിടിച്ചെടുത്ത ഇറാന് കപ്പലിലെ ജീവനക്കാരുടെ വിസ നിരോധിക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കയുടെ പുതിയ തീരുമാനം ഇറാന് കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരായ ജീവനക്കാരെയും ബാധിക്കും.
ഭീകരവാദ സംഘടനായി അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ള റവല്യൂഷണറി ഗാര്‍ഡാണ് ഇറാന് കപ്പലിന് സുരക്ഷ നല്‍കിയിരുന്നതെന്നും അതിനാല്‍ അമേരിക്കന്‍ ഭീകരവാദ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. റവല്യൂഷണറി ഗാര്‍ഡ് ഇറാന്റെ സൈന്യമാണ്. ഇതിനെ അമേരിക്ക ഭീകര സംഘടനയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതിനാല്‍ റവല്യൂഷണറി ഗാര്‍ഡിന്റെ സഹായം തേടുന്നവര്‍ അമേരിക്കന്‍ ഭീകരവിരുദ്ധ ചട്ടങ്ങളുടെ പരിധിയില്‍ വരുമെന്നും കപ്പലിലെ ജീവനക്കാരുടെ വിസ നിരോധിക്കുമെന്നും അമേരിക്ക അറിയിച്ചു. അമേരിക്കന്‍ വിദേശകാര്യ വക്താവാണ് ഈ കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ ഇന്ത്യ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്.
പിടിച്ചെടുത്ത ഇറാന് കപ്പല്‍ വിട്ടുനല്‍കുന്നതായി ബ്രിട്ടന് തീരുമാനം എടുത്തപ്പോള്‍ തന്നെ അമേരിക്ക എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. കപ്പല്‍ വിട്ടുനല്‍കരുതെന്ന് അമേരിക്ക അറിയിച്ചിരുന്നു. എന്നാല്‍ ഇത് തളളിക്കളഞ്ഞുകൊണ്ടാണ് ബ്രിട്ടണ് 24 ഇന്ത്യക്കാരുള്‍പ്പെടെയുള്ള ജീവനക്കാരെ മോചിപ്പിച്ചത്. ഇതിനെതിരെയാണ് അമേരിക്ക പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.