ഈ വര്ഷം ജനുവരി മുതൽ ജൂൺ വരെയുള്ള ആറു മാസം 8.36 മില്യൺ വിനോദ സഞ്ചാരികളാണ് ദുബായിലെത്തിയത് എന്ന് വിനോദ സഞ്ചാര വാണിജ്യ വകുപ്പിന്റെ മാർക്കറ്റിംഗ് വിഭാഗം പുറത്തു വിട്ട കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനം വർധനവാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായത്. ദുബായിലെത്തിയ വിനോദ സഞ്ചാരികളിൽ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത്.
2019 ലെ ആദ്യ ആറു മാസങ്ങളിൽ 9,97,000 ഇന്ത്യക്കാർ ദുബായ് കാണാനെത്തി. 7,55,000 പേരാണ് രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യയിൽ നിന്നെത്തിയത്. 5,86,000 ഇംഗ്ലീഷ്കാരും ദുബൈയുടെ സൗന്ദര്യം ആസ്വദിക്കാനെത്തി. ചൈനയിൽ നിന്നും, ഒമാനിൽ നിന്നും ഏതാണ്ട് അഞ്ചു ലക്ഷം വീതം ആളുകൾ വിനോദ സഞ്ചാരികളായി ദുബായിലെത്തി. അമേരിക്ക, റഷ്യ, ആഫ്രിക്ക, ജർമ്മനി എന്നീ രാജ്യക്കാർക്കും ദുബായ് ഇഷ്ട നഗരമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഹോട്ടൽ ബുക്കിങ്ങിലും ക്രമാനുഗതമായ വളർച്ചയാണ് ദുബായിൽ ഉണ്ടായത്. എണ്ണയിതര വരുമാന മാർഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ കൂടി ഭാഗമായി യു എ ഇ യും, പ്രത്യേകിച്ച് ദുബായ് യും വിനോദ സഞ്ചാര മേഖലക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ട്.