ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന് രാതുല്‍ പുരിക്കെതിരെ സിബിഐ കേസെടുത്തു. 354 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സിബിഐ കേസെടുത്തിരിക്കുന്നത്.
മോസര്‍ ബെയര്‍ ഉടമയായ രാതുല്‍ പുരിക്കു പുറമേ നാല് പേര്‍ക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്. ഇവരുടെ ഓഫീസിലും വീടുകളിലുമുള്‍പ്പെടെ ആറ് സ്ഥലത്ത് സിബിഐ പരിശോധന നടത്തി. രാതുലിന് പുറമേ മോസര്‍ ബെയര്‍ എംഡി ദീപക് പുരി, ഡയറക്ടര്‍മാരായ നിതാ പുരി, സഞ്ജയ് ജെയ്ന്‍, വിനീത് ശര്‍മ്മ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
നേരത്തെ, രാതുല്‍ പുരിയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. ഡല്‍ഹിയിലെ 300 കോടി വിലമതിക്കുന്ന ബംഗ്ലാവും 40 ദശലക്ഷം ഡോളറിന്റെ വിദേശ നിക്ഷേപവുമാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്.
കഴിഞ്ഞ മാസം അഗസ്റ്റ വെസ്റ്റലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലൂടെ ലഭിച്ചതെന്ന് കരുതപ്പെടുന്ന രാതുല്‍ പുരിയുടെ 254 കോടിയുടെ ബിനാമി ഓഹരികളും ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. ബിനാമി നിയമപ്രകാരമാണ് രാതുല്‍ പുരിയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്.