അബുദാബി കേരള സോഷ്യൽ സെന്ററും ശക്തി തിയറ്റേഴ്സ് അബുദാബിയും സംയുക്തമായി ‘ ഓർമ്മയുടെ ന്യൂറോൺ വേരുകൾ’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു. എഴുത്തുകാരനും ഷിക്കാഗോ യൂണിവേഴ്സിറ്റി സീനിയർ പ്രഫസറുമായ എതിരൻ കതിരവൻ പ്രഭാഷണം നടത്തി. ഓർമ്മകൾ രചിക്കപ്പെടുന്നതിന് പിന്നിലുള്ള അറിവുകൾ ആധുനിക ന്യൂറോസയൻസ് വെളിപ്പെടുത്തുന്നുണ്ടെന്നും പാട്ടുകളിലും സാഹിത്യത്തിലുമൊക്കെ പറയുന്നതുപോലെയല്ല ഓർമ്മകൾ നമ്മളിൽ ഉണരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓർമ്മകൾ ആലേഖനം ചെയ്യപ്പെടുന്നുണ്ടെന്നും ഓർമ്മകൾക്ക് ഒരു പ്രത്യക്ഷ രൂപം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടങ്ങൾ, , ഗൃഹാതുരത്വം തുടങ്ങിയവ ഓർമ്മകളെ തട്ടിയുണർത്തുവാൻ നമ്മെ സഹായിക്കുമെന്നും ചില നിശ്ചിത ക്രമരൂപങ്ങളാണ് നമ്മുടെ തലച്ചോര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . തികച്ചും വിജ്ഞാന പ്രദമായ ഒരു പ്രഭാഷണമായിരുന്നു എതിരൻ കതിരവൻ നടത്തിയത്. കേരള സോഷ്യൽ സെന്റർ വൈസ് പ്രസിഡണ്ട് ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു .
കേരളത്തിലെ പ്രളയ ദുരന്തത്തിൽ മരണണമടഞ്ഞവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി ജമാൽ മൂക്കുതല സംസാരിച്ചു. കേരള സോഷ്യൽ സെന്റർ ട്രഷറർ നികേഷ് വലിയ വീട്ടിൽ , ശക്തി തിയറ്റേഴ്സ് ആക്ടിംഗ് പ്രസിഡണ്ട് മധുപരവൂർ എന്നിവർ എതിരൻ കതിരവന്‍ ഉപഹാരം സമർപ്പിച്ചു. ശക്തി തിയറ്റേഴ്സ് ആക്ടിംഗ് ജനറൽ സെക്രെട്ടറി സി. കെ ഷെരീഫ് സ്വാഗതവും കേരള സോഷ്യൽ സെന്റർ ജോയിന്റ് സെക്രെട്ടറി നിർമ്മൽ തോമസ് നന്ദിയും പറഞ്ഞു.