ആന്റിഗ്വ: ഓരോ മത്സരം കഴിയുമ്പോഴും എന്തെങ്കിലുമൊരു റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിക്കുന്നത് വിരാട് കോഹ്‌ലി ശീലമാക്കിയിരിക്കുകയാണ്. ഏകദിന പരമ്പരയില്‍ നിരവധി റെക്കോര്‍ഡുകള്‍ കീഴടക്കിയ കോഹ്‌ലിയെ ഇത്തവണ കാത്തിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയാണ്. ഒരു മത്സരം കൂടി ജയിക്കാനായാല്‍ കോഹ്‌ലിക്ക് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച നായകനെന്ന മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്താം.
ടെസ്റ്റില്‍ ഇന്ത്യക്കായി 27 വിജയങ്ങള്‍ സമ്മാനിച്ച ധോണിക്ക് തൊട്ടു പിന്നിലാണ് നിലവില്‍ കോഹ്‌ലിയുടെ സ്ഥാനം. ധോണി 60 മത്സരങ്ങളിൽ നിന്നാണ് ഇന്ത്യക്ക് 27 വിജയങ്ങള്‍ സമ്മാനിച്ചതെങ്കില്‍ കോഹ്‌ലി 46 മത്സരങ്ങളില്‍ നിന്നാണ് 26 വിജയങ്ങള്‍ സ്വന്തമാക്കിയത്. ഇന്ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് വിജയിച്ചാല്‍ കോഹ്‌ലിക്ക് ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്താം. പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്.
2016ല്‍ കോഹ്‌ലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാനമായി ടെസ്റ്റ് പരമ്പര വിജയിച്ചത്. ഈ പരമ്പര കൂടി വിജയിക്കാനായാല്‍ വെസ്റ്റ് ഇന്‍ഡീസിനെ അവരുടെ മണ്ണില്‍ രണ്ടു തവണ കീഴടക്കിയ ആദ്യ ഇന്ത്യന്‍ നായകനായി കോഹ്‌ലി മാറും.















