Life

380 ഗ്രാം ഭാരവുമായി ജനിച്ചു , കാശ്‌വി ഇനി സാധാരണ ജീവിതത്തിലേയ്ക്ക്

കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ശിശു കാശ്‌വി സാധാരണ ജീവിതത്തിലേക്ക്. 23 ആഴ്ച്ച മാത്രം വളര്‍ച്ചയുണ്ടായിരുന്ന കാശ്‌വിയ്ക്ക് 380 കിലോ ഗ്രാം മാത്രമായിരുന്നു ഭാരം. പിറന്നു വീണപ്പോള്‍ കുഞ്ഞ് ശ്വസിക്കുകയോ കരയുകയോ ചെയ്തിരുന്നില്ല. ദുര്‍ബലമായ ഹൃദയമിടിപ്പുകളായിരുന്നു കുഞ്ഞിന് ജീവന്‍ ഉണ്ടെന്നുള്ളതിനുള്ള തെളിവ്. കുഞ്ഞിന്റെ അതിജീവനത്തിന് ഒരു ശതമാനം സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിച്ചു കൊണ്ട് ജീവിതത്തിലേയ്ക്ക് തിരികെ എത്തിയിരിക്കുകയാണ് കാശ്‌വി.

ആരോഗ്യ ചരിത്രത്തിലെ അത്ഭുതകരമായ അതിജീവനമാണ് കാശ്‌വിയുടേത്. വൈദ്യശാസ്ത്രത്തിന്റെ നേട്ടമെന്നാണ് കാശ്‌വിയുടെ അതിജീവനത്തെ എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയിലെ നവജാത ശിശുരോഗ വിദഗ്ധന്‍ ഡോ. റോജോ ജോയ് വിശേഷിപ്പിക്കുന്നത്.

ലൂര്‍ദ്ദ് ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ദ്വിഗ് വിജയ് യുടെയും ശിവാങ്കിയുടെയും മകളാണ് കാശ്‌വി. സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു ശിവാങ്കിയുടെ ഗര്‍ഭധാരണം. മുന്‍പ് മൂന്ന് തവണയാണ് ശിവാങ്കിയുടെ ഗര്‍ഭം അലസി പോയത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ കണ്‍മണിയെ ജീവതത്തിലേക്ക് മടക്കി എത്തിക്കുക എന്നതായിരുന്നു ഡോ. റോജോയുടെയും സംഘത്തിന്റേയും പിന്നീടുള്ള ലക്ഷ്യം.

മെയ് ഒന്നിനാണ് കാശ്‌വി ജനിച്ചത്. ഗര്‍ഭാവസ്ഥ സങ്കീര്‍ണതകള്‍ നിറഞ്ഞതായതിനാല്‍ സിസേറിയനിലൂടെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ പുറത്തെടുത്തു. 16 ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയത്. കുഞ്ഞ് സ്വയം ശ്വാസോച്ഛ്വാസം നടത്തുന്നുവെന്ന് ഉറപ്പു വരുത്തിയ ശേഷം കുഞ്ഞിനെ നിയോനേറ്റല്‍ ഐസിയുവിലെ ബബിള്‍ സി പാപ്പിലേക്ക് മാറ്റി. പിന്നീട് ഗര്‍ഭപാത്രത്തിന്റെ ചൂടും ഈര്‍പ്പവും കൃത്രിമമായി സൃഷ്ടിച്ച് കുഞ്ഞിനെ പരിചരിച്ചു. തലച്ചോറിന്റെയും മറ്റ് ആന്തരിക അവയവങ്ങളുടെയും വളര്‍ച്ച സൂഷ്മമായി നിരീക്ഷിച്ചാണ് കുഞ്ഞിന് പരിചരണം നല്‍കിയത്. അമ്മയുടെ മുലപ്പാല്‍ തന്നെയാണ് കുഞ്ഞിന് നല്‍കിയത്.

പരിചരണത്തിന്റെയും ചികിത്സയുടെയും ഫലമായി കുഞ്ഞിന്റെ ഭാരം ഒന്നര കിലോ ആയി ഉയര്‍ന്നു. മൂന്ന് മാസത്തെ ആശുപത്രി വാസത്തിന് ശേഷം ഓഗസ്റ്റ് 7 ന് കാശ് വി ആശുപത്രി വിട്ടു. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ രണ്ടാമത്തെ കുഞ്ഞാണ് കാശ്‌വി.

503 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close