ജമ്മുകശ്മീര്‍: കശ്മീരിലെ ദലിന ചൗകില്‍ ലഷ്‌ക്കര്‍ ഭീകരനെ സുരക്ഷസേന പിടികൂടി. ട്രക്കില്‍ നിന്ന് ചെക് പോസ്റ്റിലെ പൊലീസുകാര്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. മറ്റൊരു ഭീകരനായി തിരച്ചില്‍ തുടരുകയാണ്.
പൂഞ്ചിലെ ഇന്ത്യന്‍ പോസ്റ്റിലേക്ക് പാക് സൈനീകര്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരന്‍ സേനയെക്കെതിരെ വെടിയുതിര്‍ക്കാന്‍ ശ്രമം നടത്തിയത്. ഇതിനെതിരെ പാക് പ്രദേശമായ ലോകില്‍ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. പിടികൂടിയ ഭീകരനില്‍ നിന്നും എകെ 47 തോക്കും ഒരു പിസ്റ്റളും പൊലീസ് കണ്ടെടുത്തു.
അതേസമയം കഴിഞ്ഞ ദിവസം ഗുജ്ജാര്‍ മേഖലയില്‍ നിന്ന് പ്രദേശവാസികളായ രണ്ടുപേരെ ഭീകരര്‍ തട്ടിക്കൊണ്ടു പോവുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. രജൗറി ജില്ലയിലെ അബ്ദുള്‍ ഖാദര്‍ കോലി, ശ്രീനഗറിലെ കോനോമോഹ് പ്രദേശത്തെ മന്‍സൂര്‍ അഹമ്മദ് എന്നിവരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.
പുല്‍വാമയിയിലെ ട്രാലില്‍ വൈകീട്ട് 7.30 ന് അജ്ഞാതനായ തോക്കുധാരിയെ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. പിന്നീട് നിറയെ ബുള്ളറ്റുകള്‍ തുളച്ചു കയറിയ നിലയില്‍ കോലിയുടെ മൃതദേഹം ട്രാല്‍ മേഖലയില്‍ നിന്ന് കണ്ടെടുത്തു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യത്തെ ഭീകരാക്രമണമാണ് ഇത്. കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ കടകളും സ്‌കൂളുകളും സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. കശ്മീര്‍ സാധരണ നിലയിലേക്ക് വരുന്നതിനിടെയാണ് ഇത്തരം ഒരു ആക്രമണം ഉണ്ടായത്.















