തിരുവനന്തപുരം: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കേരളാ ടീമിന്റെ നായകനായി റോബിന്‍ ഉത്തപ്പയെ തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ടീമിനെ നയിച്ച സച്ചിന്‍ ബേബിക്ക് പകരമാണ് ഉത്തപ്പയെ നായകനായി പരിഗണിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 24ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലാണ് നായകനായി ഉത്തപ്പ അരങ്ങേറ്റം കുറിക്കുക. ഇന്ത്യക്കായി ടി20 ലോകകപ്പിലുള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ കളിച്ചുള്ള പരിചയമാണ് ഉത്തപ്പയെ നായകനായി തെരഞ്ഞെടുക്കാനുള്ള കാരണം.
സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലും ഉത്തപ്പ കേരള ടീമിന്റെ നായകനായി തുടരും. എന്നാല്‍ രഞ്ജി ട്രോഫിയില്‍ ഉത്തപ്പ തന്നെ കേരളത്തെ നയിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സച്ചിന്‍ ബേബിയുടെ കീഴില്‍ കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായി കേരള ടീം രഞ്ജി ട്രോഫി ഫൈനലിലെത്തിയിരുന്നു. സൗരാഷ്‌ട്ര ടീമില്‍ നിന്നാണ് ഉത്തപ്പ ഈ സീസണില്‍ കേരള ടീമിലേക്കെത്തിയത്.















