ഛണ്ഡീഗഢ് : ഹരിയാനയില്‍ കോണ്‍ഗ്രസ് വീണ്ടും പ്രതിരോധത്തില്‍. മുതിര്‍ന്ന നേതാക്കള്‍ക്ക് പിന്നാലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സുമിത്ര ചൗഹാന് ബിജെപിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ സുഭാഷ് ബരാല ചൗഹാനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. അദ്ധ്യക്ഷ സ്ഥാനത്തിന് പുറമേ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വവും ചൗഹാന് രാജിവെച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലും, മുത്വലാഖ് വിഷയത്തിലും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ വിയോജിച്ചാണ് ബിജെപിയില്‍ ചേരുന്നതെന്ന് ചൗഹാന് വ്യക്തമാക്കി. ഇരുവിഷയങ്ങളിലും പാര്‍ട്ടി സ്വീകരിച്ച നിലപാട് ജനവികാരത്തിന് എതിരാണ്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ ഭരണത്തില്‍ താന്‍ സന്തോഷവതിയാണെന്നും ചൗഹാന് വ്യക്തമാക്കി.
അതേ സമയം പാര്‍ട്ടിയില്‍ ഭിന്നത രൂപപ്പെട്ടതിനെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി ചെയര്‍ പേഴ്സണായി നിയമിച്ചാണ് പ്രശ്നം പരിഹരിച്ചത്. ഹരിയാനയില്‍ അസംബ്ലി തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കും.