അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കിലെ വന്യമൃഗങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നാഷണല്‍ പാര്‍ക്കിലൂടെ ദേശീയ പാത 37 കടന്നുപോകുന്നതിനാല്‍ മൃഗങ്ങള്‍ക്ക് അപകടം ഉണ്ടാകുന്നത് പതിവായാതോടെയാണ് പുതിയ തീരുമാനം. പാതയുടെ മുകളിലൂടെ ഫ്ളെെ ഓവര്‍ നിര്‍മ്മിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഫ്ളെെ ഓവറായിരിക്കും കാസിരംഗയില്‍ നിര്‍മ്മിക്കുന്നത്.
വംശനാശഭീഷണി നേരിടുന്ന ഒറ്റക്കൊമ്പന് കാണ്ടാമൃഗങ്ങള്‍, ആനകള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ മൃഗങ്ങള്‍ എന്‍ എച്ച് 37ലൂടെ സഞ്ചരിക്കാറുണ്ട്. പാത മുറിച്ചുകടക്കുമ്പോള്‍ മൃഗങ്ങളെ വാഹനമിടിക്കാതിരിക്കാനും സുരക്ഷ ഉറപ്പുവരുത്താനുമായാണ് ഫ്ളെെ ഓവര്‍ നിര്‍മ്മിക്കുന്നതിന്റെ പ്രധാന ലക്ഷ്യമെന്ന് അസം വനം മന്ത്രി പരിമല്‍ സുക്ലബൈദ്യ പറഞ്ഞു. ദേശീയ ഹരിത ട്രൈബ്യൂണല്‍, അസം സര്‍ക്കാര്‍, വന്യജീവി അധികൃതര്‍ എന്നിവരുമായി ഏകോപിപ്പിച്ചാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു.
ഏകദേശം 2600 കോടി രൂപയാണ് നിര്‍മാണചെലവ് കണക്കാക്കുന്നത്. 35 കിലോമീറ്റര്‍ നീളത്തില്‍ മൂന്ന് ഘട്ടങ്ങളിലായാണ് നിര്‍മാണം. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്ഐഐ) പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.
മാനുകള്‍ ഉള്‍പ്പെടെ 17 മൃഗങ്ങളാണ് ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചത്. ഈ വര്‍ഷത്തെ വെളളപ്പൊക്കത്തില്‍ 18 കാണ്ടാമൃഗങ്ങള്‍ ഉള്‍പ്പെടെ 200 വന്യമൃഗങ്ങളാണ് കൊല്ലപ്പെട്ടത്.