ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീര്‍ തിരിച്ചു പിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണ് മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ബിജെപിയുടെ മാത്രമല്ല അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന നരസിംഹറാവു മന്ത്രിസഭയുടെ ലക്ഷ്യവും ഇതു തന്നെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1994-ല്‍ പാര്‍ലമെന്റ് ഒത്തൊരുമിച്ചു പാസാക്കിയ പ്രമേയത്തിലുള്ളതാണിതെന്നും ജിതേന്ദ്ര സിങ് വ്യക്തമാക്കി.
100 ദിവസം പിന്നിടുന്ന മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ കുറിച്ച് വിവരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജിതേന്ദ്ര സിങ് ഇക്കാര്യം പറഞ്ഞത്. ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശമായ ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയത് മോദി സര്‍ക്കാരിന്റെ 100 ദിവസത്തെ ഭരണ നേട്ടത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.
കശ്മീര്‍ കഴിഞ്ഞ വിഷയമാണെന്നും പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമാണ് പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യനുള്ളതെന്നും അതിന് രാജ്യം തയാറാണെന്നും നേരത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. അതേസമയം, പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി കശ്മീര്‍ ഇന്ത്യയുടെ സംസ്ഥാനമാണെന്ന് അബദ്ധത്തിലാണെങ്കിലും തുറന്ന് പറഞ്ഞത് ശ്രദ്ധേയമായിരുന്നു.
ഇന്ത്യക്കെതിരെ പരാതിയുമായി ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലില്‍ എത്തിയതായിരുന്നു ഖുറേഷി. എന്നാല്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനിടെയായിരുന്നു ഖുറേഷി ഇക്കാര്യം പറഞ്ഞത്. അതേസമയം ഖുറേഷിക്ക് അബദ്ധം പറ്റിയതാണെന്ന വാദവുമായി പാകിസ്ഥാന് രംഗത്തെത്തിയിരുന്നു.