അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന് നാരാ ലോകേഷും വീട്ടുതടങ്കലില്‍. ജഗന് മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ നടത്താനിരുന്ന പ്രതിഷേധം തടയുന്നതിന്റെ ഭാഗമായാണ് ഇരുവരെയും വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. കൂടാതെ നിരവധി ടിഡിപി നേതാക്കളും വീട്ടുതടങ്കലിലാണ്.
ടിഡിപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ക്ക് എതിരെ ഇന്ന് ഗുണ്ടൂരില്‍ റാലി നടത്താന്‍ ആസൂത്രണം ചെയ്തിരുന്നു. ഇതിനിടെയാണ് പോലീസിന്റെ അപ്രതീക്ഷിത നടപടി. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നു എന്നാരോപിച്ചാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. എന്നാല്‍ റാലിക്ക് തൊട്ടു മുമ്പായിരുന്നു അറസ്റ്റ്. പ്രതിഷേധ റാലിയില്‍ പങ്കെടുക്കാതിരിക്കാനുള്ള കരുതല്‍ നടപടിയെന്ന നിലയിലാണ് വീട്ടുതടങ്കിലാക്കിയതെന്ന് പോലീസ് പറഞ്ഞു.
ഗുണ്ടൂരില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ജഗന് മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം എട്ടു ടിഡിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും നിരവധി പ്രവര്‍ത്തകര്‍ക്ക് ഭീഷണിയുണ്ടെന്നും ടിഡിപി നേതാക്കള്‍ ആരോപിച്ചു. ഇത് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണെന്നും ഇന്ന് രാത്രി എട്ട് മണി വരെ താന്‍ ഉപവസിക്കുമെന്നും നായിഡു പറഞ്ഞു. അതേസമയം, ടിഡിപിയാണ് അക്രമം അഴിച്ചുവിട്ടതെന്ന് ആരോപിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസും ഇന്ന് പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.