ന്യൂഡല്‍ഹി: പ്ലാസ്റ്റിക് കുപ്പി പൊടിച്ചു കളയുന്നവര്‍ക്ക് സൗജന്യമായി മൊബൈല്‍ റീചാര്‍ജ് ചെയ്യുന്ന പുതിയ പദ്ധതിയുമായി റെയില്‍വേ. ഇന്ത്യയില്‍ ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പൂര്‍ണമായും നിരോധിക്കുന്ന കേന്ദ്ര തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതിയുമായി റെയില്‍വേ രംഗത്തെത്തിയിരിക്കുന്നത്.
പുതിയ പദ്ധതിയിലൂടെ സ്റ്റേഷനുകള്‍ പ്ലാസ്റ്റിക് മുക്തമാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന യന്ത്രങ്ങളിലിട്ട് പ്ലാസ്റ്റിക് കുപ്പികള്‍ പൊടിച്ച് കളയുന്നവര്‍ക്കാണ് റീചാര്‍ജ്ജ് ചെയ്തു നല്‍കുക.
400 യന്ത്രങ്ങളാണ് ആദ്യഘട്ടത്തില്‍ ഇതിനായി റെയില്‍വേ ബോര്‍ഡ് സ്ഥാപിക്കുക. യാത്രക്കാര്‍ പ്ലാസ്റ്റിക് പൊടിച്ചുകളയണമെങ്കില്‍ യന്ത്രത്തില്‍ അവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കിയതിന് ശേഷം കുപ്പികള്‍ യന്ത്രത്തില്‍ നിക്ഷേപിച്ചാല്‍ മതി. ഈ നമ്പറുകളിലായിരിക്കും റീചാര്‍ജ്ജ് ചെയ്തു നല്‍കുന്നത്.
നിലവില്‍ 128 സ്റ്റേഷനുകളിലായി 106 പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ അനുയോജ്യമായ വിധം ഉപയോഗിക്കണമെന്നാണ് റെയില്‍വേയുടെ നിര്‍ദേശം. കൂടാതെ സ്റ്റേഷന് പരിസരങ്ങളിലുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും റീസൈക്ലിംഗിനായി അയക്കാനും ജീവനക്കാര്‍ക്ക്് നിര്‍ദേശം നല്‍കിയിട്ടുണ്ട്.