നാസു: ഡോറിയന്‍ ചുഴലിക്കാറ്റില്‍ ബഹാമസ് ദ്വീപില്‍ നിന്നും 2500 പേരെ കാണാതായിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം അഭയ കേന്ദ്രങ്ങളിലോ, കുടിയൊഴിക്കപ്പെടുകയോ ചെയ്തവരുടെ പട്ടികയില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.
ഏകദേശം 5500 പേരാണ് ബഹാമ, അബാകോ ദ്വീപുകളില്‍ നിന്നായി കുടിയൊഴിക്കപ്പെട്ടത്. അഭയ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍, കുടിയൊഴിക്കപ്പെട്ടവര്‍ തുടങ്ങിയവരുടെ പട്ടിക കൂടി പരിശോധിച്ചു ഉറപ്പാക്കിയാല്‍ മാത്രമെ കാണാതായവരുടെ എണ്ണത്തില്‍ വ്യക്തത ഉണ്ടാകുമെന്ന് നാഷണല്‍ എമര്‍ജന്‍സി മാനേജമെന്റ് വ്യക്തമാക്കുന്നത്.
ഒരാഴ്ച നീണ്ടു നിന്ന ഡോറിയന്‍ ചുഴലിക്കാറ്റില്‍ ഗ്രാന്‍ഡ് ബഹാമ, അബാക്കോ ദ്വീപുകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ അത്ര പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. ദുഷ്ക്കരമാണെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ് .
നിലവില്‍ 50 പേരാണ് മരിച്ചത്. മരണ സംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് പ്രധാനമന്ത്രി ഹുബര്‍ട്ട് മിന്നിസ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബഹാമസിലെ വൈദ്യുതി പുന: സ്ഥാപിച്ചുവെങ്കിലും അബാകോയില് വൈദ്യുതി ബന്ധം പൂര്‍ണമായും താറുമാറായ രീതിയിലാണ്. വൈദ്യുതി പുന: സ്ഥാപിച്ചതോടെ അഭയ കേന്ദ്രങ്ങളില്‍ നിന്നും പലരും സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയതായും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.